ലൂസിഫർ തെലുങ്ക് റീമേക്ക്; സൽമാൻ ഖാന് വലിയ തുക ഓഫർ ചെയ്ത് ടീം; പ്രതിഫലം വേണ്ടെന്ന് താരം

  • 18/03/2022



തെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ചിരഞ്ജീവി നായകനാവുന്ന 'ഗോഡ്‍ഫാദര്‍'. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് മലയാളികൾക്കിടയിലും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൽമാൻ ഖാൻ ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ സൽമാന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്.   

സിനിമയിൽ സൽമാൻ ഖാൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിരഞ്ജീവിയോടുള്ള അടുപ്പം മൂലമാണ് സൽമാൻ സിനിമയുടെ ഭാഗമാകുന്നത് എന്നും റിപ്പോർട്ടുണ്ട്. ഗോഡ്ഫാദറിന്റെ നിർമ്മാതാക്കൾ വലിയ ഒരു തുക തന്നെ സൽമാൻ ഖാന് ഓഫർ ചെയ്തു. എന്നാൽ താരം അത് നിരസിക്കുകയായിരുന്നു. പണം നൽകാത്ത പക്ഷം മാത്രമേ താൻ സിനിമയിൽ അഭിനയിക്കുകയുള്ളുവെന്ന് സൽമാൻ പറഞ്ഞതായും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. 15-20 കോടിവരെയായിരുന്നു സൽമാന് ലഭിച്ച ഓഫർ. 

ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിലേക്കാണ് സല്‍മാന്‍ ഖാന്‍ എത്തുന്നതെന്നാണ് വിവരം. ചിരഞ്ജീവിയുടെ 153-ാം ചിത്രം കൂടിയാണ് ​ഗോഡ്ഫാദർ. ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കും എന്നത് സംബന്ധിച്ചും നിരവധി റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 

മലയാളത്തില്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ബിജു മേനോന്‍ അവതരിപ്പിക്കുമെന്നും മഞ്ജു വാര്യര്‍ക്കു പകരം നയന്‍താരയും ടൊവിനോയ്ക്കു പകരം വിജയ് ദേവരകൊണ്ടയും എത്തുമെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മോഹന്‍ രാജയാണ് 'ലൂസിഫര്‍' തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

Related Articles