35-ാം വര്‍ഷത്തിലേക്ക് കടക്കുന്ന യാത്ര; 'സേതുരാമയ്യരെ'ക്കുറിച്ച് കെ മധു

  • 19/03/2022




മമ്മൂട്ടിയുടെ അപ്‍കമിംഗ് പ്രോജക്റ്റുകളില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ് ബ്രെയിന്‍. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ അല്‍പം വൈകിപ്പിച്ചത് കൊവിഡ് സാഹചര്യം ആയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ അപ്ഡേഷനും വലിയ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. 

ഫെബ്രുവരി 26ന് ആണ് ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിബിഐ സിരീസും സേതുരാമയ്യര്‍ എന്ന കഥാപാത്രവുമായി 35-ാം വര്‍ഷത്തിലും തുടരുന്ന യാത്രയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ കെ മധു. സേതുരാമയ്യരുടെ ഗെറ്റപ്പിലുള്ള മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കെ മധുവിന്‍റെ കുറിപ്പ്.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ട്രെന്‍ഡ് ആയ മമ്മൂട്ടിക്കും സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തിനും ഞങ്ങളുടെ രചയിതാവ് എസ് എന്‍ സ്വാമിക്കുമൊപ്പം നടത്തിയ ആ യാത്രയെ ഞാന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ നിങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു, കെ മധു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

Related Articles