ഇത്തവണത്തെ ഓസ്‍കര്‍ അവാര്‍ഡ്‍ ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്‍മിത്തിന്‍റെ വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്‍തബ്ധനായ ക്രിസ് മനസാന്നിധ്യം വീണ്ടെടുത്ത് പരിപാടി തുടരുകയായിരുന്നു. ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പുറത്തിറക്കിയിരിക്കുകയാണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലോകത്ത് ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം പറയുന്നു.വില്‍ സ്‍മിത്തിന്‍റെ കുറിപ്പ്"ഏത് രൂപത്തിലുമുള്ള ഹിംസ വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്‍റെ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണം.ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍. വിശ്വസ്തതയോടെ, വില്‍."
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?