വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ ക്യാഷ്ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്

  • 28/04/2022



ദില്ലി: വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. കൂടുതൽ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെർച്ചന്റ്സ് പേമെന്റിനും സമാനമായ ഇൻസെന്റീവുകൾ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം. 

മെയ് അവസാന വാരത്തോടെ വാട്സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകൾക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്സ്ആപ്പ് വഴി വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കുന്ന സാമ്പത്തിക ഇടപാടുകൾക്കായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അയക്കുന്ന പണം എത്രയായാലും ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു രൂപയാണ് കൈമാറുന്നതെങ്കിലും ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് തുക ചെറുതായിരിക്കുമെങ്കിലും ഇത് കൂടുതൽ പേരെ വാട്സ്ആപ്പ് പേമെന്റിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 

ബില്ലുകൾ, ടോൾ തുടങ്ങിയവയ്ക്കും ഇൻസെന്റീവുണ്ടാകും. ഈ വിപണിയിൽ ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങി എതിരാളികളുടെ നീണ്ട നിര തന്നെയുണ്ട്. അതിനാൽ തന്നെ ഭീമൻ കമ്പനിയായ വാട്സ്ആപ്പിന്റെ കടന്നുവരവ് യുപിഐ ഇടപാടുകളെ എങ്ങിനെ സ്വാധീനിക്കുമെന്ന് വരും നാളുകളിൽ അറിയാനാവും.

Related Articles