ജലവിതരണം ഉറപ്പാക്കാൻ കുവൈറ്റിൽ നാല് പുതിയ ശുദ്ധജല വിതരണ കേന്ദ്രങ്ങൾ വരുന്നു

  • 01/11/2025


കുവൈത്ത് സിറ്റി: ജലവിതരണം ഉറപ്പാക്കാൻ കുവൈറ്റിൽ നാല് പുതിയ ശുദ്ധജല വിതരണ കേന്ദ്രങ്ങൾ വരുന്നു. അൽ മുത്‌ല, അൽ ളഹർ, അൽ ഫുനൈറ്റീസ് എന്നീ പ്രദേശങ്ങളിലെ താമസക്കാർക്ക്, പ്രത്യേകിച്ച് പുതിയ റെസിഡൻഷ്യൽ ഏരിയകളിലെ താമസക്കാർക്ക് ജലവിതരണം ഉറപ്പാക്കാനും വെള്ളം ലഭ്യമാക്കാനുമായി നാല് പുതിയ ശുദ്ധജല വിതരണ കേന്ദ്രങ്ങളുടെ നിർമ്മാണം വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം നിരീക്ഷിച്ച് വരികയാണ്.

ഈ നാല് കേന്ദ്രങ്ങളുടെ നിർമ്മാണം മന്ത്രാലയം ശ്രദ്ധയോടെ പിന്തുടരുകയാണെന്ന് മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. അൽ ളഹർ ഏരിയയിലെ ജലവിതരണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാർ സെപ്റ്റംബർ 16-ന് മന്ത്രാലയം ഒപ്പുവെച്ചുവെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കരാറുകാർ തുടങ്ങിക്കഴിഞ്ഞു. ഈ കേന്ദ്രം 2027-ന്റെ അവസാനത്തോടെ പ്രവർത്തനക്ഷമമാക്കാനാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ, പുതിയ വിതരണ കേന്ദ്രങ്ങളുടെ ഭാഗമായി അൽ-മുത്‌ല സിറ്റിയിൽ രണ്ട് ശുദ്ധജല വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും മന്ത്രാലയം ഒരേസമയം നടത്തുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ശുദ്ധജല വിതരണ ശൃംഖല വികസിപ്പിക്കാനും ആധുനിക റെസിഡൻഷ്യൽ ഏരിയകളെ ഉൾപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുസൃതമാണ് ഈ പുതിയ പദ്ധതികൾ.

Related News