ചൊവ്വയുടെ രാത്രിയിലെ ആകാശത്തിൽ പുളയുന്ന പാമ്പുകൾ പോലെ പ്രകാശഘടനകൾ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. ഇത്തരം ദീപ്തികൾ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒറോറ അഥവാ ധ്രുവദീപ്തികൾ ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്നിവയെ വിളിക്കാറുണ്ട്. സൂര്യനിൽ നിന്നുള്ള സൗരവാത കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോഴാണ് ഇവയുണ്ടാകുന്നത്.എന്നാൽ ചൊവ്വയിൽ കണ്ടെത്തിയ ധ്രുവദീപ്തികളിൽ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചില ദീപ്തികൾ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകൾക്കു മുകളിൽ മാത്രമാണുണ്ടാകുന്നത്. ഈ മേഖലകളിൽ കാന്തിക സ്വഭാവുമുള്ള ധാതുക്കൾ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികൾ.ചൊവ്വാഗ്രഹത്തെ ചുറ്റിനിൽക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളിൽ ഈ ധ്രുവദീപ്തി ദൃശ്യമായത്രേ. സിഗ്സാഗ് രീതിയിലാണ് ഈ പ്രകാശവിതരണം അനുഭവപ്പെട്ടത്. ഇതിന്റെ കൃത്യമായ കാരണം തങ്ങൾക്കു കണ്ടെത്താനായിട്ടില്ലെന്നും വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതിയാണ് ഇതെന്നും എമിറേറ്റ്സ് മാർസ് മിഷനുമായി ചേർന്നു പ്രവർത്തിക്കുന്ന കലിഫോർണിയ സർവകലാശാലാ ശാസ്ത്രജ്ഞൻ റോബ് ലില്ലിസ് പറഞ്ഞു.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുഎഇയുടെ മാർസ് മിഷന്റെ ഭാഗമായ ഹോപ്സ് ഓർബിറ്റർ ചൊവ്വയെ ഭ്രമണം ചെയ്യാൻ തുടങ്ങിയത്. സൗരവാതങ്ങളാണ് ദീപ്തികൾക്ക് പിന്നിലെന്നാണ് പൊതുവെയുള്ള അനുമാനം. 2025 വരെ സൗരവാതങ്ങൾ കൂടുതലായിരിക്കുന്നതിനാൽ ഇത്തരം പ്രതിഭാസങ്ങൾ കൂടുതൽ ഉടലെടുക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?