സസ്‍പെന്‍സ് നിലനിര്‍ത്തി സൂര്യയെ അവതരിപ്പിച്ച് 'വിക്രം' ടീം

  • 01/06/2022



സമീപകാലത്ത് ഇത്രയും വലിയ താരനിര ഒരുമിച്ച് അണിനിരന്ന ഒരു ചിത്രം ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയില്ല, വിക്രം പോലെ. ബിഗ് ബോസ് മലയാളം വേദിയില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ അതിഥിയായി എത്തിയപ്പോള്‍ കമല്‍ ഹാസന്‍ പ്രധാനമായി പറഞ്ഞതും ഈ പ്രത്യേകതയെക്കുറിച്ചായിരുന്നു. 

കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൂര്യ ഒരു അതിഥിവേഷത്തില്‍ എത്തും എന്നത് ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഒന്നാണ്. ട്രെയ്ലര്‍ ലോഞ്ച് വേദിയില്‍ കമല്‍ ഹാസന്‍ സൂര്യയ്ക്ക് നന്ദി പറഞ്ഞതോടെ ആരാധകര്‍ ഇത് ഉറപ്പിച്ചു. പിന്നീട് ലോകേഷ് കനകരാജും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെന്‍ഡ് സെറ്റര്‍ ആയ ട്രെയ്‍ലറില്‍ സൂര്യയുടെ മുഖം ഉണ്ടായിരുന്നില്ലെങ്കിലും ചില ഫ്രെയ്‍മുകളില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടെന്ന് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം ആരാധകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റു കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നെങ്കിലും സൂര്യയുടേത് അത്തരത്തില്‍ വിട്ടിരുന്നില്ല. 

ഇപ്പോഴിതാ ചിത്രം ഇറങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ സൂര്യയുടെ ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചെമ്പന്‍ മുടിയും കാതില്‍ കടുക്കനുമാണ് പോസ്റ്ററിലെ കഥാപാത്രത്തിന്. എന്നാല്‍ മറ്റു ക്യാരക്ടര്‍ പോസ്റ്ററുകളില്‍ നിന്ന് വിഭിന്നമായി ഈ കഥാപാത്രത്തിന്‍റെ പേര് അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

Related Articles