എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ‘ആര്‍ആര്‍ആറി’നെ കുറിച്ച് ഓസ്കാര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഒരു ട്വിറ്റര്‍ ഉപയോക്താവ് ആര്‍ആര്‍ആറിനെ ‘മാലിന്യം’ എന്ന് വിളിച്ചതിനോട് പ്രതികരിച്ചാണ് റസൂല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആര്‍ആര്‍ആര്‍ ‘ഗേയായ ഒരു കാമുകന്റെ കഥ’യാണെന്നായിരുന്നു റസൂല്‍ പറഞ്ഞത്. മറ്റൊരു ട്വീറ്റില്‍, ആര്‍ആര്‍ആറിലെ ആലിയ ഭട്ടിന്റെ കഥാപാത്രത്തെയും റസൂല്‍ പരിഹസിച്ചു. “ആലിയ ചിത്രത്തിലെ ഒരു പ്രോപ് ആണ്,” എന്നും റസൂല്‍ ട്വീറ്റ് ചെയ്തു.തന്റെ അഭിപ്രായങ്ങള്‍ വിവാദമായതോടെ വീണ്ടും ട്വീറ്റുമായി റസൂല്‍ എത്തി. “ഞാന്‍ ഇതിനകം പൊതുസമൂഹത്തില്‍ ഉണ്ടായ അഭിപ്രായങ്ങളെ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്, വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല,” ട്വീറ്റില്‍ റസൂല്‍ കുറിച്ചു. ആര്‍ആര്‍ആറില്‍ ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയത്തെ അന്തര്‍ദ്ദേശീയ തലത്തിലുള്ള പ്രേക്ഷകരില്‍ ഒരു വിഭാഗമെങ്കിലും ‘ഗേ റൊമാന്‍സ്’ ആയിട്ടാണ് കണ്ടത് എന്നത് ഒരു വസ്തുതയാണ്.റസൂല്‍ പൂക്കുട്ടിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചു കൊണ്ട് ബാഹുബലി നിര്‍മ്മാതാവായ ഷോബു യാര്‍ലഗദ്ദയും രംഗത്തെത്തി. സ്വവര്‍ഗ്ഗ പ്രണയകഥയാണെങ്കില്‍ തന്നെ അതെങ്ങനെ മോശമായ കാര്യമാവുമെന്നാണ് ഷോബു ചോദിക്കുന്നത്. “നിങ്ങള്‍ പറയുന്നതുപോലെ ആര്‍ആര്‍ആര്‍ ഒരു സ്വവര്‍ഗ്ഗാനുരാഗി പ്രണയകഥയാണെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷേ അങ്ങനെയാണെങ്കില്‍ പോലും, ‘സ്വവര്‍ഗ പ്രണയകഥ’ ഒരു മോശം കാര്യമാണോ? നിങ്ങള്‍ക്ക് എങ്ങനെ ന്യായീകരിക്കാനാകും? ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച ഒരാള്‍ക്ക് ഇങ്ങനെ താഴ്‌ന്നുപോകാന്‍ കഴിഞ്ഞെന്നത് അങ്ങേയറ്റം നിരാശാജനകമാണ്,” എന്നാണ് ഷോബു യാര്‍ലഗദ്ദ ട്വീറ്റില്‍ ചോദിക്കുന്നത്.ഷോബുവിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്നും സ്വവര്‍ഗ പ്രണയ കഥ ആണെങ്കിലും കുഴപ്പമില്ലെന്നും പിന്നീട് റസൂല്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ആരെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റസൂല്‍ പറഞ്ഞു.ബ്രിട്ടീഷ് രാജിനെതിരായ പോരാടിയ രണ്ടു നേതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസില്‍ നിന്നും 1000 കോടിയിലധികം രൂപയാണ് ആര്‍ആര്‍ആര്‍ നേടിയത്. ഈ നേട്ടം കൈവരിക്കുന്ന രാജമൗലിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രമായി ആര്‍ആര്‍ആര്‍ മാറി. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?