സ്പൈ വെയറുകളില്‍ നിന്നും സുരക്ഷ: 'ലോക്ക്ഡൗണ്‍ മോഡ്' സുരക്ഷ ഫീച്ചര്‍ പ്രഖ്യാപിച്ച് ആപ്പിള്‍

  • 08/07/2022




സന്‍ഫ്രാന്‍സിസ്കോ: സ്പൈ വെയറുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സുരക്ഷ നല്‍കുന്ന 'ലോക്ക്ഡൗണ്‍ മോഡ്' സുരക്ഷ ഫീച്ചര്‍ ആപ്പിള്‍ പ്രഖ്യാപിച്ചു. ഐഫോണ്‍, മാക് തുടങ്ങിയ ആപ്പിളിന്‍റെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും എന്നാണ് ആപ്പിള്‍ പറയുന്നത്. ഈ സെറ്റിംഗിലൂടെ ഉപയോക്താവ് അറിയാതെ ഫോണില്‍ ഒരു വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും നടക്കില്ല.

കഴിഞ്ഞ വര്‍ഷം ലോകത്തിലെമ്പാടും വലിയ വാര്‍ത്തയായ പെഗാസസ് സ്പൈ വെയര്‍ പ്രശ്നമാണ് ഇത്തരത്തില്‍ ഒരു അപ്ഡേറ്റിലേക്ക് ആപ്പിളിനെ നയിച്ചത്. ഇസ്രയേലി സ്‌പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് എന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ നിരീക്ഷിച്ചതായി വാര്‍ത്ത വന്നിരുന്നു. 

150 ഓളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിളിന്റെ ഐഫോണുകളിലും പെഗാസസ് നുഴഞ്ഞു കയറുകയുണ്ടായി. സുരക്ഷയുടെ കാര്യത്തില്‍ ഏറെ പരസ്യം ചെയ്യുന്ന ആപ്പിളിന് ഈ വെളിപ്പെടുത്തല്‍ ഒരു തിരിച്ചടി തന്നെയായിരുന്നു. ഇതിനാല്‍ കൂടിയാണ് 'ലോക്ക്ഡൗണ്‍ മോഡ്' പുറത്തിറക്കുന്നതെന്ന് പറയാം.

പെഗാസസ് ഫോണുകളിലെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ഇമെയിലുകള്‍, എന്നിവ വായിക്കാനും ഫോണ്‍ കോളുകള്‍ യഥാര്‍ത്ഥ ഉപഭോക്താവറിയാതെ റെക്കോര്‍ഡ് ചെയ്യാനും മൈക്രോഫോണും ക്യാമറയും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ചാര പ്രോഗ്രാം ആണ് പെഗാസസ്. അതിനാല്‍ തന്നെ ഇതിനെ തടയാന്‍ തന്നെയാണ് ആപ്പിളിന്‍റെ ശ്രമം.

പെഗാസസ് മാത്രമല്ല ഏതൊരു ചാര പ്രോഗ്രാമും സിസ്റ്റത്തില്‍ എത്തുന്നത് തടയുക എന്നതാണ് 'ലോക്ക്ഡൗണ്‍ മോഡ്' കൊണ്ട് ആപ്പിള്‍ ലക്ഷ്യം വയ്ക്കുന്നത്. 'ലോക്ക്ഡൗണ്‍ മോഡ്' എനെബിള്‍ ചെയ്താല്‍ മെസേജ് ആപ്പിലെ ഭൂരിഭാഗം അറ്റാച്ച്‌മെന്റുകളും ബ്ലോക്ക് ചെയ്യപ്പെടും. ചിത്രങ്ങള്‍ മാത്രമാണ് അനുവദിക്കുക. ലിങ്ക് പ്രിവ്യൂ പോലുള്ള ഫീച്ചറുകളും ബ്ലോക്ക് ചെയ്യപ്പെടും.വെബ് ബ്രൗസ് ചെയ്യുമ്പോള്‍ ജസ്റ്റ് ഇന്‍ ടൈം (ജെ.ഐ.ടി.), ജാവ സ്‌ക്രിപ്റ്റ് കോമ്പിലേഷന്‍ പോലുള്ള സാങ്കേതിക വിദ്യകളും പ്രവര്‍ത്തിക്കില്ല.

ഇതിലൂടെ ബ്രൌസിംഗില്‍ ഏതെങ്കിലും വേണ്ടത്ത ലിങ്ക് ക്ലിക്ക് ചെയ്തോ, ഇ-മെയില്‍, സന്ദേശങ്ങള്‍ വഴിയോ ഒരു മാല്‍വെയര്‍ ആപ്പിള്‍ സിസ്റ്റത്തില്‍ എത്താനുള്ള സാധ്യത തടയാം എന്നാണ് ആപ്പിള്‍ പറയുന്നത്. ഇതിന് പുറമേ ഡീപ്പ് ഫേക്ക് തട്ടിപ്പുകളില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ അപരിചിതരില്‍ നിന്നുള്ള ഫേസ് ടൈം കോളുകള്‍ ഉള്‍പ്പടെ എല്ലാ തരം ഇന്‍കമിങ് ഇന്‍വൈറ്റുകളും സര്‍വീസ് റിക്വസ്റ്റുകളും ബ്ലോക്ക് ചെയ്യാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. ഐഫോണ്‍ കേബിള്‍ ഉപയോഗിച്ച് മറ്റൊരു കംപ്യൂട്ടറുമായോ ഉപകരണവുമായോ ബന്ധിപ്പിക്കാന്‍ സാധിക്കില്ല.

ഇതോടൊപ്പം ലോക്ക്ഡൗണ്‍ മോഡ് നല്‍കുന്ന സുരക്ഷ ഭേദിച്ച് ആപ്പിള്‍ ഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന സെക്യൂരിറ്റി ബൗണ്ടി പ്രോഗ്രാമും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ ഫീച്ചറുകള്‍ 'ലോക്ക്ഡൗണ്‍ മോഡില്‍'
ലഭിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. 

Related Articles