അദാനി റിലയന്‍സ് ഗ്രൂപ്പുമായി മത്സരിക്കാന്‍ എത്തുന്നു: കുറഞ്ഞ 4ജി ഡേറ്റ എത്തിച്ച് അംബാനി

  • 11/07/2022



ഇന്ത്യന്‍ ബിസിനസ് രംഗത്തെ കുലുക്കി മറിച്ചേക്കാവുന്ന ഒരു നീക്കമാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസ് രംഗത്ത് നേരിട്ട് ഏറ്റുമുട്ടില്ല എന്ന അലിഖിത നിയമം ലംഘിച്ചാണ് അദാനി ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പുമായി മത്സരിക്കാന്‍ എത്തുന്നത് എന്നത് ഇനി എന്ത് എന്ന ജിജ്ഞാസ ഉണര്‍ത്തുന്ന തീരുമാനങ്ങളിലൊന്നാണ്.

വില കുറഞ്ഞ 4ജി ഡേറ്റ എത്തിച്ച് അംബാനി

ഇപ്പോള്‍ ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ 4ജി ഡേറ്റാ ലഭിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. നേരത്തെ, 3ജിയുടെ കാലത്ത് 1 ജിബി ഡേറ്റയ്ക്ക് 249 രൂപ വരെ ഈടാക്കിയ ഒരു പറ്റം കമ്പനികള്‍ക്കിടയിലേക്കാണ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി 4ജി വരുന്നസമയത്ത് ചാടിയിറങ്ങിയത്. അസാധാരണ നിരക്കു വാങ്ങി ഡേറ്റ നല്‍കിയിരുന്ന പല കമ്പനികളും പൂട്ടിപ്പോയി, ചിലരുടെ മേല്‍ക്കോയ്മ തകര്‍ന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഫാസ്റ്റ്‌ഫോര്‍വേഡ് അടിച്ച നീക്കങ്ങളിലൊന്നായിരുന്നു റിലയന്‍സ് ജിയോ എന്ന കമ്പനി തുടങ്ങുകവഴി അംബാനി ചെയ്തത്.

അംബാനിയെ ഗൗരവത്തിലെടുക്കാതിരുന്ന കമ്പനികള്‍ പെട്ടു

എണ്ണ, പെട്രോകെമിക്കല്‍ തുടങ്ങിയ പരമ്പരാഗത വ്യവസായത്തില്‍ വിജയം കരസ്ഥമാക്കിയിരുന്ന, ബിസിനസുകാരന്റെ അപ്രതീക്ഷിതമായിരുന്ന ഈ നീക്കം, രാജ്യത്തെ സാധാരണക്കാരെ പോലും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതില്‍ അവിശ്വസനീയമായ ഗുണങ്ങളാണ് ഉണ്ടാക്കിയത്. അതേസമയം, അംബാനി 2ജി കാലത്ത് സിഡിഎംഎ ഹാന്‍ഡ്‌സെറ്റുമായി ടെലികോം മേഖലയില്‍ എത്തുകയും ജനങ്ങളുടെ അപ്രീതിക്കു പാത്രമാകുകയും ചെയ്തിരുന്നതിനാല്‍, എതിരാളികളാരും അംബാനിയില്‍ നിന്ന് ടെലികോം മേഖലയില്‍ വിപ്ലവമൊന്നും പ്രതീക്ഷിച്ചുമില്ല. തുടക്കത്തില്‍ ഡേറ്റ ഫ്രീയായി നല്‍കി പോലുമാണ് അംബാനി അരങ്ങേറ്റം നടത്തിയത്. പക്ഷേ, അതൊക്കെ മാറുമെന്നാണ് എതിരാളികള്‍ കരുതിയിരുന്നതെങ്കിലും വില കുറഞ്ഞ ഡേറ്റ ആസ്വദിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരമൊരുക്കുകയായിരുന്നു അംബാനി.

അദാനി എത്തുമ്പോള്‍

സമാനമായ ഒരു നീക്കമാണ് ഇപ്പോള്‍ കാണുന്നത്. ഇന്ത്യയില്‍ 5ജിയുടെ കാര്യത്തില്‍ ജിയോയുടെ ആധിപത്യം തുടരും എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍, താന്‍ 5ജി ലേലത്തില്‍ പങ്കുകൊള്ളുമെന്ന് അംബാനിയെ പോലെ മറ്റൊരു ഗുജറാത്തി ബിസിനസുകാരനും അദാനി ഗ്രൂപ്പിന്റെ മേധാവിയും ഏഷ്യയിലെ ഏറ്റവും വലിയ ധനികനുമായ ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുകയാണ്. (പരസ്പരം ഏറ്റുമുട്ടില്ലെന്ന ധാരണ പാലിച്ചാണ് ഇരു കമ്പനികളും നിലനിന്നു പോന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.) എന്തായാലും, 5ജി വരുമ്പോള്‍ അംബാനിയും അദാനിയും നേര്‍ക്കുനേര്‍ വരുന്നതാണ് ഇന്ത്യക്കാര്‍ കാണാന്‍ പോകുന്നത്.

Related Articles