നമ്മുടെ ഈ ദ്വീപിന് സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോ ?'; ഐഷ സുല്‍ത്താനയുടെ 'ഫ്ലഷ്' ട്രെയിലർ

  • 14/07/2022



ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ചിത്രം 'ഫ്‌ളഷി'ന്റെ ട്രെയിലർ പുറത്തുവിട്ടു. ലക്ഷദ്വീപ് നിവാസികളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരവും പോരാട്ടവുമാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ദ്വീപിന്റെ മനോഹര ദൃശ്യാവിഷ്‌കാരവും ചിത്രത്തിലുണ്ട്. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ലഷ്. 

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയറ്ററിൽ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദർശിപ്പിക്കും. കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് ഫ്ലഷ്. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഈ ചിത്രത്തില്‍ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും സംവിധായിക ഐഷ സുൽത്താന പറഞ്ഞിരുന്നു.

അതിശക്തമായ നായികാ കഥാപാത്രമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾ പോൾ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. ബീന കാസിം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ ജി രതീഷ് ആണ്, ചിത്ര സംയോജനം നൗഫൽ അബ്‌ദുള്ള, വില്യം ഫ്രാൻസിസും കൈലാഷ് മേനോനുമാണ് സംഗീത സംവിധായകർ. പിആർഒ പി ആർ സുമേരൻ.

Related Articles