കുപ്പി പാൽ ഒരു ഫ്രിഡ്ജ് വരെ വീടുകളിൽ എത്തിക്കാൻ ഡ്രോൺ

  • 25/07/2022




ഇത് ഡ്രോണുകളുടെ കാലമാണ്. ഉയരങ്ങളിൽ നിന്ന് ദൃശ്യങ്ങൾ പകർത്താനും, സുരക്ഷ നിരീക്ഷണങ്ങൾക്കുമൊക്കെ ഇന്ന് 
ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. എന്നാൽ നൂതനമായ ഡ്രോണുകൾ നമ്മുടെ വീടുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന കാലം വിദൂരമല്ല. ഇതിനകം പല പരീക്ഷണങ്ങളും വിജയിച്ചിട്ടുണ്ട്. പക്ഷെ വാണിജ്യാടിസ്ഥാനത്തിൽ വലിയ തോതിൽ പ്രചാരം വർധിച്ചിട്ടില്ല. അതിന് മാറ്റം വരുന്ന സൂചനകളാണ് അമേരിക്കയിൽ നിന്ന് വരുന്നത്. 

ആമസോൺ, ടാർഗറ്റ്, വാൾഗ്രീൻസ്, വാൾമാർട്ട് പോലുള്ള അമേരിക്കയിലെ കമ്പനികൾ വിവിധ നഗരങ്ങളിൽ ഡ്രോൺ ഡെലിവറി സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. ഇവർക്ക് ചിറകേകുന്നത് - ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ നേതൃത്വത്തിലുള്ള വിങ് എന്ന പുതിയ കമ്പനിയാണ്.

വിവിധ തരം പേയ്‌ലോഡുകൾ വഹിക്കാനാകുന്ന ഡ്രോൺ വിമാനങ്ങളാണ് വിങ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരു മരുന്ന് ബോട്ടിൽ എത്തിക്കാനും, ഒരു കുപ്പി പാൽ എത്തിക്കാനും, എന്തിന് ഒരു ഫ്രിഡ്ജ് വരെ വീടുകളിലേക്ക് നേരിട്ട് എത്തിക്കാനും വിവിധ തരം ഡ്രോണുകൾ. കാൽ കിലോ മുതൽ അഞ്ചു കിലോ വരെ വഹിക്കാവുന്ന ഡ്രോണുകൾക്കാണ് വിങ്‌ മുൻഗണന നൽകുന്നത്.

ടെക്സസിലെ ഫ്രിസ്കോ എന്ന നഗരത്തിലാണ് വിങ്ങിന്റെ ഡ്രോൺ ഡെലിവറി പ്രവർത്തനങ്ങൾ ഇപ്പോൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ വലിയ നഗരങ്ങളിൽ ഡ്രോൺ ഡെലിവറി വ്യാപകമായിട്ടില്ല. പൊതുവെ തിരക്ക് കുറഞ്ഞ ചെറിയ പട്ടണങ്ങളിലും, ഡ്രോണുകൾക്ക് തടസ്സങ്ങളില്ലാതെ ഇറങ്ങാൻ പറ്റുന്ന ഇടങ്ങളിലുമാണ് ഡെലിവറികൾക്ക് ഇപ്പോൾ പ്രചാരമേറുന്നത്. 

വലിയ റീറ്റെയ്ൽ സ്ഥാപനങ്ങൾക്ക് സമീപം ഡ്രോണുകൾ ഉൽപ്പന്നങ്ങൾ കയറ്റുന്നതിനായി കാത്തിരിക്കും. തുടർന്ന്, ഓൺലൈൻ ഓർഡറുകൾ വരുന്ന പക്ഷം, ജീവനക്കാർ പാക്കേജുകൾ ഡ്രോണുകളിൽ കയറ്റും. പിന്നെ വിങ്ങിന്റെ ഓപ്പറേഷൻസ് ടീം കൃത്യമായി വീടുകളിലേക്ക് എത്തിക്കും ഇതാണ് ഡ്രോൺ ഡെലിവെറിയുടെ ലളിതമായ രീതി. കൂടുതൽ പേർ ഡ്രോൺ ഡെലിവെറിയെ ആശ്രയിച്ച് തുടങ്ങിയിരിക്കുന്നു.  

ഡ്രോൺ ഡെലിവറി ടെക്നോളജി തയ്യാറായി കഴിഞ്ഞു. ഗൂഗിളിന്റെ സാങ്കേതിക കരുത്തുകൂടിയാകുമ്പോൾ വിശ്വാസ്യതയും ഏറെ. ഇനി ഉപഭോക്താക്കൾ കാര്യക്ഷമമായി ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ ഡ്രോണുകളായിരിക്കും വീടുകളിൽ സാധനങ്ങൾ നേരിട്ട് എത്തിക്കുക, ആ കാലം വിദൂരമല്ല. 

Related Articles