ഡേറ്റിങ്ങിന് കിട്ടിയവരെ കണ്ണുമടച്ച് വിശ്വസിക്കരുത്; മുന്നറിയിപ്പ് നല്‍കുന്നത് ഡേറ്റിംഗ് ആപ്പ് ടിൻഡർ

  • 02/08/2022
ന്യൂയോര്‍ക്ക്: ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന മോശം സന്ദേശം ഓട്ടോമാറ്റിക്കായി മനസിലാക്കാൻ ഇനി മുതൽ പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിന് കഴിയും. സൗഹൃദങ്ങൾ വളർത്താൻ സഹായിക്കുന്നവയാണ് ഡേറ്റിങ് ആപ്പുകൾ. സൗഹൃദത്തിന്‍റെ മറവിൽ ലൈംഗിക ചൂഷകർ ഒളിഞ്ഞിരിക്കുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാ ഫീച്ചറുകളുമായി ടിൻഡർ എത്തുന്നത്. 

ഇത്തരക്കാർ കാരണം നിരവധി പേരാണ് ചൂഷണങ്ങൾ നേരിടേണ്ടി വരുന്നത്. ഈയടുത്ത കാലത്തായി ഇതിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിഷ്കാരത്തിന് ടിൻഡർ തയ്യാറാക്കിയിരിക്കുന്നത്. നോ മോർ എന്ന കമ്പനിയുമായി ചേർന്നാണ്  ടിൻഡർ സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നത്.

ടിൻഡറിന്‍റെ ആദ്യ സ്ത്രീ മേധാവിയായ റെനറ്റെ നൈബോർഗ് (36) തന്നെയാണ് പുതിയ നടപടിയ്ക്ക് പിന്നിൽ. ആദ്യം പരസ്പരം അയയ്ക്കുന്ന മെസെജിലൂടെ കൂടുതൽ പേരുടെയും ഉദ്ദേശം വെളിപ്പെടുമെന്നാണ് നൈബോർഗ് പറയുന്നത്. ടിൻഡർ തങ്ങളുടെ ഉപയോക്താക്കൾക്കായി മാർഗനിർദേശങ്ങൾ ഇറക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് നോ മോറിന്‍റെ  ഡയറക്ടർ പമെല സബല്ല അഭിപ്രായപ്പെടുന്നത്. 

മോശം പെരുമാറ്റം, സന്ദേശം തുടങ്ങിയവ എന്താണെന്നു വ്യക്തമായി മാർഗനിർദേശത്തിൽ പറയണം. യഥാർഥ ജീവിതവും ഓൺലൈൻ ജീവിതവും തമ്മിൽ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ഓൺലൈൻ ഡേറ്റിങ്ങിന് എത്തുന്നവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും പമെല പറഞ്ഞു.

Related Articles