അജിത്തിന്റെ 'എകെ 61'ന്റെ പുതിയ ഷെഡ്യൂള്‍ തുടങ്ങുന്നു

  • 15/08/2022



തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത്. അജിത്തിന്റെ ഓരോ സിനിമയും ആരാധകര്‍ക്ക് ആഘോഷവുമാണ്. അതുകൊണ്ടുതന്നെ അജിത്തിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ 'എകെ 61'നെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് പുറത്തുവരുന്നത്.

ചെറിയൊരിടവേളയ്‍ക്ക് ശേഷം ചൊവ്വാഴ്‍ച 'എകെ 61'ന്റെ പുതിയ ഷെഡ്യൂള്‍ പുനരാരംഭിക്കുമെന്നാണ് വിവരം. വിശാഖപട്ടണത്താണ് പുതിയ ഷെഡ്യൂള്‍. അജിത്തും പുതിയ ഷെഡ്യൂളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്ട്ട്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്‍ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കണി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും 'വലിമൈ'ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'എകെ 61'. അജിത്ത് നായകനായ 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്. ഹുമ ഖുറേഷിയായിരുന്നു ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തിയെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.  

എച്ച് വിനോദിന്റെ ചിത്രത്തിന് ശേഷം വിഘ്നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 

'8 തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Related Articles