ഫേസ്ബുക്ക് പണം നല്‍കി ഉപയോഗിക്കാം; അറിയേണ്ട കാര്യങ്ങള്‍ ഇതാണ്.!

  • 02/09/2022



സന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നീ മെറ്റ പ്ലാറ്റ്ഫോമുകളില്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ഫീച്ചറുകള്‍ മെറ്റ അവതരിപ്പിക്കുന്നു. പുതിയ ഫീച്ചറുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പണമടച്ചാല്‍ ഉപയോക്താക്കൾക്ക് മെറ്റാ ഉടൻ തന്നെ അധിക ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ വന്നത്. 

ഇതിനായി പുതിയ വിഭാഗം തന്നെ മെറ്റ ആരംഭിച്ചിട്ടുണ്ട്. മെറ്റയുടെ മുൻ ഗവേഷണ വിഭാഗം മേധാവി പ്രതിതി റേ ചൗധരിയാകും ഈ പെയ്ഡ് വിഭാഗത്തെ നയിക്കുന്നത്. സ്‌നാപ്പ്, ട്വിറ്റർ എന്നിവയുൾപ്പെടെയുള്ള മറ്റ് എതിരാളികളും സ്‌നാപ്ചാറ്റ്+, ട്വിറ്റർ ബ്ലൂ എന്നിവയും നിരവധി എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ നൽകുന്നുണ്ട്. 

ദി വെർജിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയുടെ പെയ്ഡ് ഫീച്ചറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മെറ്റയുടെ തീരുമാനം. ഇതിനായി ന്യൂ മോണിറ്റൈസേഷൻ എക്സ്പീരിയൻസ്" എന്ന പേരിലാകും മെറ്റ ഒരു പുതിയ ഡിവിഷൻ രൂപീകരിക്കുന്നത്. 

പണമടച്ചുള്ള ഫീച്ചറുകളുടെ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. പരസ്യ ബിസിനസ് വളർത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. പരസ്യങ്ങൾ ഓഫു ചെയ്യാൻ ഉപയോക്താക്കൾ പണം അടയ്ക്കണം എന്ന തരത്തിലുള്ള മാറ്റങ്ങൾ ഒന്നും ഇപ്പോഴേ അവതരിപ്പിക്കില്ല എന്ന് മെറ്റ ജീവനക്കാരൻ വ്യക്തമാക്കി.

സ്‌നാപ്പ്, ട്വിറ്റർ, മെറ്റാ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും ഡിജിറ്റൽ പരസ്യങ്ങൾ വിൽക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. പണമടച്ചുള്ള ഫീച്ചറുകൾ വരുന്നതോടെ മെറ്റായ്ക്ക് പുതിയ പരസ്യേതര വരുമാനം കൂടി ചേർക്കാനാകും. ഉപയോക്താക്കൾക്കായി അധിക ഫീച്ചറുകൾ അൺലോക്ക് ചെയ്യുന്നതിന് സ്നാപ്പും ട്വിറ്ററും നിലവിൽ പണമടച്ചുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ട്വിറ്ററിന്‍റെ ഉല്പന്നമായ ട്വിറ്റർ ബ്ലൂവിന്റെ വില പ്രതിമാസം $4.99 (ഏകദേശം 400 രൂപ) ആണ്. അടുത്തിടെ, സ്‌നാപ്ചാറ്റ് + സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഇന്ത്യയിലും സമാരംഭിച്ചിരുന്നു. അതിന്‍റെ വില പ്രതിമാസം 49 രൂപയാണ്. 2022ലാണ് ടെലിഗ്രാമും സ്‌നാപ്ചാറ്റും അധിക ഫീച്ചറുകൾ അൺലോക്ക് ചെയ്യുന്ന സേവനം വാഗ്ദാനം ചെയ്തു തുടങ്ങിയത്.

Related Articles