ഇന്‍സ്റ്റഗ്രാം തകരാറില്‍; അക്കൗണ്ടുകള്‍ തുറക്കാനാകുന്നില്ലെന്ന് ഉപഭോക്താക്കള്‍

  • 01/11/2022




സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാം തകരാറിൽ. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുറക്കാനാകുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുവെന്നും തടസം എന്തെന്ന് പരിശോധിക്കുകയാണെന്നും ഇൻസ്റ്റഗ്രാം തന്നെയാണ് അറിയിച്ചത്. ഇൻസ്റ്റഗ്രാം ഡൗൺ എന്ന പേരിൽ ട്വിറ്ററിലും പോസ്റ്റുകൾ നിറയുകയാണ്. സാങ്കേതിക തടസ്സം നേരിട്ടതിൽ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ആഗോള വ്യാപകമായി വാട്ട്‌സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ നേരമാണ് ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായത്. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിരുന്നു. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ടായിരുന്നു. ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ഇന്ത്യയിലെ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

2021 ഒക്ടോബറിലാണ് ഇതിന് മുൻപ് സമാനമായ രീതിയിൽ തടസപ്പെടൽ നേരിട്ടത്. അന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയെല്ലാം തടസ്സപ്പെട്ടിരുന്നു. ഡിഎൻഎസ് (DNS) തകരാറിനെ തുടർന്നാണ് അന്ന് ഏകദേശം ആറ് മണിക്കൂറോളം മെറ്റ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഡിഎൻഎസ് അല്ലെങ്കിൽ ഡൊമെയ്ൻ നെയിം സിസ്റ്റം എന്നത് ഹോസ്റ്റ് നെയിമുകളെ റോ ആയും ന്യൂമറിക്കായും ഐപി വിലാസങ്ങളിലേക്ക് ട്രാൻസലേറ്റ് ചെയ്യുന്ന സേവനമാണ്.

Related Articles