ദില്ലി: ഇന്ത്യയിൽ 26 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന് രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. എന്നാൽ വാട്ട്സ്ആപ്പിന് എതിരെ സെപ്റ്റംബറിൽ 666 പരാതികളാണ് ഉയർന്നു വന്നത്. ഇതിൽ 23 കേസിൽ വാട്ട്സ്ആപ് നടപടി സ്വീകരിക്കുകയും ചെയ്തു. ഐടി നിയമം 2021 അനുസരിച്ച് ഇതിൽ കാര്യക്ഷമമായ നടപടിയാണ് വാട്ട്സ്ആപ് കൈക്കൊണ്ടത്. 2022 സെപ്തംബർ മാസത്തെ വാട്ട്സ്ആപ്പിന്റെ റിപ്പോർട്ടിൽ അനുസരിച്ച് ഉപയോക്തൃ പരാതികളുടെയും വാട്ട്‌സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും പ്രതിരോധ നടപടികളും എന്തെന്ന് ഉൾപ്പെടുത്തിയിരിക്കുന്നതായി മെറ്റയുടെ വക്താവ് അറിയിച്ചു. ഓഗസ്റ്റിൽ ഇന്ത്യയിൽ 23 ലക്ഷം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചിരുന്നു. സെപ്റ്റംബറിൽ വാട്സ്ആപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റിൽ നിരോധിച്ചതിനേക്കാൾ കൂടുതലാണ്. വാട്ട്സ്ആപ്പിന്റെ നയങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് നേരെത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് അക്കൗണ്ട് പൂട്ടികെട്ടുമെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നു. ഇനിയും രാജ്യത്തെ ഉപയോക്താക്കൾ ഒന്നിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് വ്യജ വാർത്തകൾ ഫോർവേഡ് ചെയ്യുകയാണെന്നുണ്ടെങ്കിൽ നടപടി നേരിടേണ്ടി വരും. വ്യാജ വാർത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിച്ചതിന് ഇതിനു മുൻപും വാട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. ജൂലൈയിൽ 23 ലക്ഷവും ജൂണിൽ 22.1 ലക്ഷവും മേയിൽ 19 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷവും അക്കൗണ്ടുകളാണ് വാട്സാപ് നിരോധിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?