നാം ജീവിക്കുന്ന ഈ ലോകം വൈവിധ്യമാർന്നതാണ്.ഭൂവിഭാഗങ്ങളും ചെടികളും ജീവവർഗ്ഗങ്ങളും എല്ലാം വ്യത്യസ്തമായവ .770 കോടിയിലധികം ലോക ജനസംഖ്യയിൽ അത്രയും പേരും സ്വരൂപത്തിലും സ്വഭാവത്തിലും ഒന്നിനൊന്ന് വ്യത്യസ്തരാണ് എന്നത് ഒരത്ഭുതം തന്നെ.പ്രപഞ്ചത്തെക്കുറിച്ച് “അനന്തം,അജ്ഞാതം ,അവർണനീയം “എന്ന് കവി നാലപ്പാട്ട് നാരായണമേനോൻ പാടിയത് ഉദാത്തമായ കവ്യകല്പനയാണ് .എന്നാൽ എല്ലാ മനുഷ്യർക്കും ഒരു പോലെ സാർത്ഥകമായ ഒരു യാഥാർതഥ്യമാണ് സന്മനസ്സുള്ളവർക്ക് സമാധാനം എന്ന മനോഹരമായ മഹത്‌വചനം .ഓരോ മനുഷ്യമനസ്സും അനുനിമിഷവും ഒരു അലൗകികമായ സമാധാനത്തിനായി അഭിലഷിക്കുന്നു .അത് നേടാനായിട്ടാണ് സ്വയം തിരിച്ചറിയാതെയാണെങ്കിലും മനുഷ്യർ വിവിധമാർഗ്ഗങ്ങൾ ആരായുന്നതും അലഞ്ഞുതിരിയുന്നതും .ചിലർ വിവിദ വിനോദോപാധികൾ ,മദ്യം ,മയക്കുമരുന്ന് ,വാഹനശേഖരം ,വസ്ത്രശേഖരം ,ആഭരണശേഖരം തുടങ്ങിയ മാർഗ്ഗങ്ങളിലേക്ക് തിരിയുന്നത് കാണാം .എന്നാൽ അവിടെയെങ്ങും ആർക്കും സമാധാനം കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് വാസ്തവം .വടക്കേ അമേരിക്കയിലെ ഒരു ട്രൈബൽ വിഭാഗത്തിന്റെ തലവനായ ചെറോക്കി എന്ന ഭരണാധിപൻ ഒരു ദിവസം തന്റെ പേരകുട്ടിയോടു മനുഷ്യരുടെ ഉള്ളിൽ നടക്കുന്ന ഒരു യുദ്ധത്തെക്കുറിച്ചു പറയുകയുണ്ടായി .ഓരോ മനുഷ്യന്റെയും ഉള്ളിൽ രണ്ടു ചെന്നായ്ക്കൾ തമ്മിൽ യുദ്ധം നടക്കുന്നുവത്രെ !ഒരു ചെന്നായ് - കോപം ,ദുഷ്കാമം ,പക ,ശാട്യം ,അസൂയ ,നിരാശ ,അത്യാഗ്രഹം ,അഹങ്കാരം ,വ്യാജം എന്നിവയാണ് .രണ്ടാം ചെന്നായ് - സമാധാനം ,വിശ്വസ്തത ,പരോപകാരം ,സ്നേഹം ,സത്യം ,ദയ ,വിശ്വാസം ,അനുകമ്പ ,ക്ഷമ ,അലിവ് ,തൃപ്തി എന്നിവയും .പേരക്കുട്ടി ഒരുനിമിഷം രണ്ട് ചെന്നായ്ക്കളെക്കുറിച്ചു ചിന്തിച്ചു .“ഏതു ചെന്നായ് ആണ് ജയിക്കുന്നത്?”കുട്ടി മുത്തച്ഛനോടു ചോദിച്ചു .ചെറോക്കി പറഞ്ഞു :”നാം സംരക്ഷിക്കുന്ന ചെന്നായ് .അതായത് നാം തീറ്റിപോറ്റി പരിപോഷിപ്പിക്കുന്ന ചെന്നായ് ആയിരിക്കും ജയിക്കുന്നത് .”ആ ചെന്നായ് പ്രതിനിധാനം ചെയ്‌യുന്ന വികാരങ്ങളായിരിക്കും നമ്മുടെ മനസ്സിൽ ആധിപത്യം സ്ഥാപിക്കുവാൻ പോകുന്നത് .രണ്ടാമത്തെ ചെന്നായ് എന്ന് ചിത്രീകരിക്കപ്പെട്ട സത്ഗുണങ്ങൾ പരിപോഷിപ്പിച്ചാൽ അവയുടെ ഫലമായി പുറപ്പെടുന്ന സമാധാനം നേടാൻ നമുക്ക് സാധിക്കും .ഏതു തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്യമുണ്ട് .ഭാവിയിൽ സമാധാനത്തോടെ ജീവിക്കാൻ സദ്ഗുണങ്ങൾ നമ്മുടെ ഉള്ളിൽ വളർത്തിയെടുത്തു സന്മനസ്സുള്ളവരാകണം .സന്മനസ്സിൽ നിന്നും നല്ല ചിന്തകൾ പുറപ്പെടുന്നു .നല്ല ചിന്തകൾ നല്ല സ്വപ്നങ്ങൾ നെയ്തെടുക്കുന്നു .ഇന്നത്തെ സ്വപ്നങ്ങളാണ് നാളെ സാക്ഷാത്കരിക്കപ്പെടുന്നത് .അതുകൊണ്ട് സദ്ഗുണങ്ങളാൽ മനസ്സ് പരിപോഷിപ്പിക്കേണ്ടത് സമാധാനത്തിനും സാർത്ഥകമായ ജീവിതത്തിനും അനുപേക്ഷണീയമാണ് .സന്മനസ്സുള്ളവർക്കാണ് സമാധാനം ലഭിക്കുന്നത് .അത് ദൈവത്തിന്റെ ദാനമാണ് .സന്മനസ്സ് ലഭിക്കുവാൻ നാം പ്രാർത്ഥിക്കണo,പ്രയത്നിക്കണം. അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഓർമ്മകൾ ഉണർത്തികൊണ്ട് ഒരു ക്രിസ്മസ് കൂടെ വരവായി .ഏവർക്കും സന്തോഷപൂർണമായ ക്രിസ്മസ് നവവത്സരാശംസൾ നേരുന്നു .ബൈ- ജോബി ബേബി നേഴ്സ് കുവൈറ്റ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?