കുവൈത്തിൽ വ്യാപക പരിശോധന; ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വാഹനങ്ങൾ നീക്കം ചെയ്തു

  • 06/08/2025



കുവൈത്ത് സിറ്റി: പൊതു ശുചിത്വം ഉറപ്പാക്കുന്നതിനും റോഡുകളിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ മുബാറക് അൽ കബീർ ശാഖ, പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി. പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വാഹനങ്ങൾ, പഴകിയ കാറുകൾ, മൊബൈൽ വാഹനങ്ങൾ, ബോട്ടുകൾ എന്നിവ ഉൾപ്പെടെ 29 വസ്തുക്കൾ നീക്കം ചെയ്തു. കൂടാതെ, പൊതുശുചിത്വ നിയമ ലംഘനങ്ങളും റോഡുകളിലെ അനധികൃത കൈയേറ്റങ്ങളും നടത്തിയതിന് 34 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു.

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും വാണിജ്യപരമായ കണ്ടെയ്‌നറുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി 51 നോട്ടീസുകൾ നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 35 പഴകിയ മാലിന്യ കണ്ടെയ്നറുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ശുചിത്വ നിലവാരം ഉയർത്താനും, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാനുമുള്ള മുനിസിപ്പാലിറ്റിയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പരിശോധനയെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Related News