ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിക്കുന്നു, വോട്ടർപട്ടികയിൽ അഡ്രസില്ലാത്തവരും, ഫോട്ടോയില്ലാത്തവരും അടക്കം 'ദുരൂഹ വോട്ടർമാർ' തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​രാഹുൽ​ഗാന്ധി

  • 07/08/2025

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വോട്ടർ പട്ടികയിലും പോളിങ്ങിലും തിരഞ്ഞെടുപ്പ് തീയതി മാറ്റിയതിലും സംശയങ്ങളുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദില്ലിയിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ട് 'വോട്ട് മോഷണം' എന്ന പേരിൽ ഒരു പ്രസന്റേഷനും അദ്ദേഹം അവതരിപ്പിച്ചു.

എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമായ ഫലങ്ങൾ തിരഞ്ഞെടുപ്പുകളിൽ ഉണ്ടാകുന്നു. ഹരിയാന തിരഞ്ഞെടുപ്പിൽ ഇത് വ്യക്തമായിരുന്നു. ഈ ഫലങ്ങളെല്ലാം സംശയങ്ങൾ ഉണ്ടാക്കുന്നതാണ്. മഹാരാഷ്ട്രയിൽ അഞ്ചു വർഷം കൊണ്ട് ചേർത്തതിനേക്കാൾ കൂടുതൽ വോട്ടർമാരെ അഞ്ചു മാസം കൊണ്ട് ചേർത്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ 40 ലക്ഷം 'ദുരൂഹ വോട്ടർമാർ' ഉണ്ടെന്നും രാഹുൽ ആരോപിച്ചു.

മഹാരാഷ്ട്രയിൽ വൈകുന്നേരം 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. ഇതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റി. സി.സി.ടി.വി. ദൃശ്യങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുമെന്ന് കമ്മീഷൻ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.

ഹരിയാനയിലെയും കർണാടകയിലെയും തിരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിൽ സംശയമുണ്ട്. വോട്ടർ പട്ടികയുടെ ഇലക്ട്രോണിക് കണക്കുകൾ നൽകാൻ കമ്മീഷൻ വിസമ്മതിച്ചു. ഇത് പരിശോധനകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. ബി.ജെ.പി. മാന്ത്രികവിദ്യയിലൂടെ ഭരണവിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറിയെന്ന് രാഹുൽ പരിഹസിച്ചു. 

തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി.യുമായി ചേർന്ന് വോട്ട് മോഷ്ടിക്കുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പഠിക്കാൻ ഒരു ടീമിനെ നിയോഗിച്ചു. സോഫ്റ്റ് കോപ്പി ലഭിക്കാത്തതിനാൽ കടലാസ് രേഖകൾ പരിശോധിക്കേണ്ടി വന്നു. ഒരു സെക്കൻഡ് കൊണ്ട് പരിശോധിക്കേണ്ട രേഖകൾക്ക് ആറ് മാസം വേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണക്കുകൾ നിരത്തിയാണ് രാഹുൽ ഗാന്ധി ഈ ഗുരുതര ആരോപണങ്ങൾ വിശദീകരിച്ചത്.

Related News