ട്രാക്കിന് സമീപം റീൽസ് ചിത്രീകരിക്കുന്നതിനിടെ 15കാരനെ ട്രെയിനിടിച്ചു

  • 23/10/2025

സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലൈക്കുകളും വ്യൂകളും വാരി കൂട്ടാനായി പല തരത്തിലുള്ള സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട് അല്ലേ? ഇത്തരത്തില്‍ റീലും മറ്റും ചിത്രീകരിക്കുന്നതിനിടയില്‍ വലിയ അപകടങ്ങളും ഉണ്ടാവാറുണ്ട്. റീലെടുക്കുന്നതിനിടയില്‍ ദാരുണമായി കൊല്ലപ്പെട്ട ഒരു 15 കാരൻ്റെ അപകട ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചയായി കഴിഞ്ഞു. ട്രെയിന്‍ വരുന്ന ദൃശ്യം ഫോണിൽ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.


ഒഡീഷയിലെ പുരി നഗരത്തിലാണ് സംഭവം. മംഗല്ഘട്ട് നിവാസിയായ വിശ്വജിത്ത് എന്ന 15 കാരനാണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം ദക്ഷിണകാളി ക്ഷേത്രത്തില്‍ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. വീട്ടിലേക്ക് പോകുന്നതിനിടയില്‍ വിശ്വജിത്ത് റെയില്‍വേ ട്രാക്കിനടുത്ത് നില്‍ക്കുകയും ഫോണെടുത്ത് ട്രെയിന്‍ വരുന്നത് ചിത്രീകരിക്കുകയുമായിരുന്നു. എന്നാല്‍ ട്രെയിന്‍ അതിവേഗം വന്നപ്പോള്‍ കുട്ടിക്ക് അവിടെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല.

പൊലീസ് സംഭവ സ്ഥലം പരിശോധിച്ചപ്പോള്‍ ഫോണ്‍ കണ്ടെടുത്തു. അവസാനമായി യുവാവ് എടുത്ത വീഡിയോയില്‍ ട്രെയിന്‍ വരുമ്പോഴേക്ക് ഫോണ്‍ കൈയ്യില്‍ നിന്ന് തെറിച്ച് പോകുന്നതായി കാണാം. തുടര്‍ന്നുള്ള പരിശോധനയില്‍ ട്രാക്കിന് സമീപത്തേക്ക് തെറിച്ച് വീണ വിശ്വജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related News