കോവിഡ് കേസുകള്‍ കുറയുന്നു; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യ

  • 28/01/2021



ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. സിവില്‍ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയും ചര്‍ച്ച ചെയ്ത ശേഷമാകും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കോവിഡ് മാര്‍രേഖ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള അനുമതി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ തടസമില്ല. ഇതിനായി പ്രത്യേക പാസുകളോ അനുമതിയോ തേടേണ്ടതില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. തിയേറ്ററില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത നല്‍കിയിട്ടില്ല. മത - സാമുഹിക ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. കായിക - വിദ്യാഭ്യാസ പരിപാടികളും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് നടത്താവുന്നതാണ്. നിലവില്‍ 50 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നത്.


Related News