പ്രവാസി ഇന്ത്യക്കാർക്ക് ആശ്വസിക്കാം; ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ ശമ്പളത്തിന് ആദായനികുതി വേണ്ട

  • 02/04/2021



ന്യൂ ഡെൽഹി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ ശമ്പളത്തെ ഇന്ത്യയിലെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്ന് കേന്ദ്രധനമന്ത്രി നിർനമ്മല സീതാരാമൻ. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 

2021 ലെ ധനകാര്യ നിയമഭേദഗതിയിൽ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികൾക്ക് പുതിയ നികുതിയോ അധിക നികുതിയോ ഏർപ്പെടുത്തിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. വ്യക്തത ലഭിക്കുന്നതിനായി ആദായനികുതി നിയമത്തിൽ 'നികുതി ബാധ്യത' (Liable to tax) എന്ന വാക്കിന് പൊതുവായ നിർവ്വചനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നിയമഭേദഗതിയിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ ശമ്പള വരുമാനത്തിന്റെ നികുതിയിൽ മാറ്റം വരുത്തിയിട്ടില്ല. ഗൾഫ് രാജ്യങ്ങളിലെ ശമ്പളത്തിന് ഇന്ത്യയിൽ ലഭിക്കുന്ന ആദായനികുതി ഇളവ് തുടരുമെന്നും ധനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 

നേരത്തേ 2021 ലെ ധനകാര്യ നിയമ ഭേദഗതിയുടെ ചിത്രം മഹുവ മൊയ്ത്ര എം.പി ട്വീറ്റ് ചെയ്തിരുന്നു. നിയമഭേദഗതിയിലെ സങ്കീർണ്ണമായ വാക്കുകൾ ഗൾഫ് തൊഴിലാളികൾക്ക് മേൽ ചുമത്തുന്ന നികുതിയാണെന്നും അവർ ആരോപിച്ചിരുന്നു. 

'ധനമന്ത്രി തന്റെ വാക്ക് മാറ്റുകയാണ്. സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ കഠിനാധ്വാനികളായ ഇന്ത്യൻ തൊഴിലാളികൾക്ക് അധിക നികുതി ഈടാക്കാൻ പോകുകയാണ്.' -ഇതായിരുന്നു എം.പിയുടെ ട്വീറ്റ്. 

'വാക്ക് മാറ്റിയിട്ടില്ല. 2021 ലെ ധനകാര്യ നിയമത്തിൽ സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ കഠിനാധ്വാനികളായ ഇന്ത്യൻ തൊഴിലാളികൾക്ക് പുതിയ നികുതിയോ അധിക നികുതിയോ ചുമത്തിയിട്ടില്ല.' -ഇതായിരുന്നു മറുപടിയായി നിർമ്മല സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്തത്. വസ്തുതകൾ മനസിലാക്കാതെ നിഗമനങ്ങളിലെത്തുന്നത് ആശങ്കാജനകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

'ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇത്തരം നിഗമനങ്ങൾ പങ്കുവയ്ക്കുന്നത് തെറ്റിദ്ധാരണ ജനിപ്പിക്കുകയും ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യും.' -മന്ത്രി പറഞ്ഞു. 

Related News