പ്രവാസികൾക്ക് കൊവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി

  • 25/05/2021

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അവര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ഗണനാ വിഭാഗങ്ങളില്‍ പ്രവാസികളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‍തു.

മറ്റ് രോഗങ്ങളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വെബ്‍സൈറ്റിലാണ് പ്രവാസികളെക്കൂടി നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണന ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ...

1. വാക്സിനേഷന് രജിസ്ട്രേഷന് കോവിന്‍ പോര്‍ട്ടലില്‍ (www.cowin.gov.in) ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവിടെ തിരിച്ചറിയല്‍ പാസ്‍പോര്‍ട്ട് തെരഞ്ഞെടുത്ത് പാസ്‍പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‍പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി ലഭിക്കും.  രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് ഐ.ഡി ഉപയോഗിച്ചാണ് ശേഷം മുന്‍ഗണനയ്‍ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

2.‍ വാക്സിനേഷനില് മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‍സൈറ്റ് തുറന്ന ശേഷം Individual Request തെരഞ്ഞെടുക്കണം. സ്ക്രീനില്‍‌ തെളിയുന്ന സന്ദേശം ക്ലോസ് ചെയ്‍ത ശേഷം മൊബൈല്‍ നമ്പര്‍ നല്‍കി. ഫോണില്‍ ലഭിക്കുന്ന OTP എന്റര്‍ ചെയ്‍ത് verify ബട്ടനില്‍ ക്ലിപ്പ് ചെയ്യാം.

3. OTP വെരിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് ലഭിക്കുന്ന ഫോമില്‍ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം എന്നിവ നല്‍കിയ ശേഷം യോഗ്യതാ വിഭാഗം എന്നതില്‍ Going Abroad തെരഞ്ഞെടുക്കാം. തുടര്‍ന്ന് ജില്ലയില്‍ ലഭ്യമായ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സമീപത്തുള്ളത് തെരഞ്ഞെടുക്കണം
Supporting documents എന്നുള്ള ഭാഗത്ത് രണ്ട് രേഖകള്‍ അപ്‍ലോഡ് ചെയ്യാനാവും. പാസ്‍പോര്‍ട്ടിലെ വ്യക്തിഗത വിശദാംശങ്ങളുള്ള പേജും വിസ സംബന്ധമായ വിവരങ്ങളുള്ള പേജും ഇവിടെ രണ്ട് ഫയലുകളായി അപ്‍ലോഡ് ചെയ്യണം.

4. തുടർന്ന് നേരത്തെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച 14 അക്ക റഫറന്‍സ് ഐ.ഡി നല്‍കിയ ശേഷം Submit ചെയ്യാം.

നിങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷം അപേക്ഷ അംഗീകരിക്കുന്ന മുറയ്‍ക്ക് അക്കാര്യം എസ്.എം.എസ് ആയി അറിയിക്കും. തുടര്‍ന്ന് വാക്സിനേഷന്‍ തീയ്യതിയും സ്ഥലവും സമയവും എസ്.എം.എസ് ആയി അറിയിക്കും. ഈ എസ്.എം.എസ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ കാണിക്കണം. ഒപ്പം തിരിച്ചറിയല്‍ രേഖയായി നല്‍കിയ പാസ്‍പോര്‍ട്ടും ഹാജരാക്കണം.

Related News