ആശുപത്രികൾക്ക് മുന്നിൽ അനധികൃത പാർക്കിംഗ്; 24 മണിക്കൂറിനിടെ 333 പേർക്ക് പിഴ, നിയമലംഘകരുടെ വാഹനങ്ങൾ പിടിച്ചെടുത്തു

  • 20/11/2025


കുവൈത്ത് സിറ്റി: ആശുപത്രികൾക്ക് മുന്നിൽ 'നോ പാർക്കിംഗ്' നിയമങ്ങൾ ലംഘിച്ച് വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വിഭാഗം നടപടി കർശനമാക്കി. ഏറ്റവും ഒടുവിലായി നടത്തിയ പരിശോധനയിൽ 24 മണിക്കൂറിനുള്ളിൽ 333 ഗതാഗത നിയമലംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്. സബാ മെഡിക്കൽ ഡിസ്ട്രിക്റ്റിൽ 99, ജാബർ ആശുപത്രിയിൽ 23, ഫർവാനിയ ആശുപത്രിയിൽ 66, അദാൻ ആശുപത്രിയിൽ 75, ജഹ്‌റ ആശുപത്രിയിൽ 70 എന്നിങ്ങനെയാണ് വിവിധ ആശുപത്രി പരിസരങ്ങളിൽ നിന്ന് പിഴ ഈടാക്കിയവരുടെ കണക്കുകൾ.

അതേസമയം, അശ്രദ്ധമായി വാഹനം ഓടിക്കുക, മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയവരുടെ വാഹനങ്ങൾ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഈ വാഹനങ്ങൾ മെറ്റൽ റീസൈക്ലിംഗ് പ്ലാന്റിലേക്ക് മാറ്റിയിട്ടുണ്ട്. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഗതാഗത രീതികളെ നേരിടുന്നതിനുള്ള കർശന സമീപനത്തിന്റെ ഭാഗമായാണിത്. ജീവൻ സംരക്ഷിക്കുന്നതിനും അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികൾ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കാൻ രാജ്യത്തുടനീളം 24 മണിക്കൂറും നിരീക്ഷണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News