ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം, ആവശ്യമെങ്കില്‍ നടന്മാര്‍ക്ക് നോട്ടീസ് അയക്കും

  • 02/04/2025

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ എക്സൈസ്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ് കുമാർ പറഞ്ഞു. പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെ കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിനിമ താരങ്ങളെ നോട്ടീസ് അയച്ച്‌ വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു.


കൂടുതല്‍ കണ്ണികള്‍ക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമ മേഖലയില്‍ സജീവമാണ് ഇന്നലെ പിടിയിലായ തസ്ലിമ സുല്‍ത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രവീണ്യമുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ നടന്നതെന്നും എക്സൈസ് സംഘം പറയുന്നു. വാട്സ്‌ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ഉടന്‍ ശേഖരിക്കും. നിലവില്‍ വാട്സ്‌ആപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയും ഇടപാടുകല്‍ നടത്തി. ചാറ്റുകള്‍ വീണ്ടെടുക്കാൻ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്സൈസ് അറിയിച്ചു. കാർ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാർക്ക് പ്രതികള്‍ ലഹരി എത്തിച്ചത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജൻസിയില്‍ നിന്ന് വിവരങ്ങള്‍ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കർ വിവരങ്ങളും ശേഖരിക്കുമെന്ന് എക്സൈസ് കൂട്ടിച്ചേര്‍ത്തു.

Related News