ഇരട്ടക്കൊല കേസിലെ പ്രതിയും സഹോദരനും യുവാവിനെ കുത്തി; റിമാന്‍റില്‍

  • 02/04/2025

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയും സഹോദരനും റിമാന്‍റില്‍. കരുവന്നൂര്‍ ചെറിയ പാലം സ്വദേശികളും സഹോദരങ്ങളുമായ അപ്പു എന്ന അതുല്‍ കൃഷ്ണ (25), അരുണ്‍ കൃഷ്ണ (19) എന്നിവരെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ചെറിയ പാലം സ്വദേശിയായ ശരത്തിനെ (27) പ്രതികള്‍ മുഖത്തും ഷോള്‍ഡറിലും ഇടിച്ച്‌ പരിക്കേല്‍പ്പിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 

ആക്രമണം തടയാന്‍ ശ്രമിച്ച ശരത്തിന്‍റെ അമ്മയെ പിടിച്ച്‌ തള്ളി അപകടപ്പെടുത്തുകയും ചെയ്തു. ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറിയ പാലം പാറപ്പുറത്തുള്ള ഫ്‌ളാറ്റില്‍ മാര്‍ച്ച്‌ 30 നാണ് സംഭവം നടന്നത്. അടുത്ത ഫ്ലാറ്റിലെ പെണ്‍കുട്ടിയുമായി ശരത്ത് സംസാരിച്ചതിലുള്ള വിരോധമാണ് അതിക്രമത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

മറ്റൊരു ഫ്ലാറ്റില്‍ താമസിക്കുന്ന അതുല്‍ കൃഷ്ണയും അമല്‍ കൃഷ്ണയും ശരത്തിന്‍റെ ഫ്ലാറ്റിലേക്ക് അതിക്രമിച്ച്‌ കയറി ആക്രമിക്കുകയായിരുന്നു. അതുല്‍കൃഷ്ണ ഇരിങ്ങാലക്കുട മൂര്‍ക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ അതുല്‍ കൃഷ്ണയെയും, അമല്‍ കൃഷ്ണയെയും റിമാന്‍റ് ചെയ്തു.

Related News