തസ്ലീമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയതാരെന്ന് വിവരം ലഭിച്ചതായി എക്സൈസ്; താരങ്ങളെ പിന്നീട് വിളിച്ചു വരുത്തും

  • 04/04/2025

ആലപ്പുഴയില്‍ കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടൻ അറസ്റ്റിലാകും. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയവരെ കുറിച്ച്‌ എക്സൈസിന് വിവരം ലഭിച്ചു. അതേസമയം പ്രതികള്‍ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു വരുത്തുന്നത് വൈകും.

പിടിയില്‍ ആയ ക്രിസ്റ്റീന എന്നറിയപ്പെടുന്ന തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയത് ദുബായ്, ബംഗലൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം. ഇതില്‍ ഒരാള്‍ ലഹരിക്കേസുകളില്‍ മുൻപും അറസ്റ്റില്‍ ആയിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്സൈസ് തേടുന്നത്.

പിടിയില്‍ ആകുമ്ബോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാർ എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ്. എന്നാല്‍ തസ്ലീമയ്ക്ക് മറ്റൊരു യുവതിയാണ് കാർ വാടകയ്ക്ക് എടുത്തു നല്‍കിയതെന്നാണ് സംശയം. കർണാടക അഡ്രെസ്സ് ഉള്ള മഹിമ എന്നപേരിലാണ് വാഹനം വാടകയ്ക്ക് എടുത്തത്. തസ്ലിമ മറ്റാരുടെയെങ്കിലും ആധാർ കാർഡ്, ലൈസൻസ് എന്നിവ ഉപയോഗിച്ച്‌ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണോ എന്നും എക്സൈസ് സംശയിക്കുന്നു.

താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂ. ഇവരില്‍ രണ്ട് താരങ്ങളുമായുള്ള ചില വാട്സപ് ചാറ്റുകള്‍ എക്സൈസിന്റെ പക്കല്‍ ഉണ്ട്. ഡിലീറ്റ് ചെയ്തവ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനാകും.

Related News