വിപ്ലവഗാനം ആലപിച്ചു: കടയ്ക്കല്‍ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം

  • 05/04/2025

കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രണ്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ട്. വിപ്ലവഗാനം ആലപിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാര്‍ച്ച്‌ 10നാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ഗായകന്‍ അലോഷി ആലപിച്ച സംഗീത പരിപാടിയില്‍ വിപ്ലവഗാനങ്ങള്‍ പാടിയത്. ഇത് വിവാദമായതോടെ ഗായകന്‍ അലോഷിയെ ഒന്നാംപ്രതിയാക്കി കഴിഞ്ഞദിവസം കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ കൊടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നായിരുന്നു വിമര്‍ശനം. അതേസമയം പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം.

Related News