പ്രോജക്‌ട് എക്‌സ്: സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം നല്‍കുന്നു

  • 07/04/2025

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് 1,000 ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുക. പ്രോജക്‌ട് എക്‌സ് എന്ന പേരില്‍ തിരുവനന്തപുരത്തെ 500 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പദ്ധതി തുടങ്ങുന്നത്.

സംസ്ഥാനത്ത് പ്രതിവര്‍ഷം 4,500 ലധികം പോക്‌സോ കേസുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാന്‍ പല അധ്യാപകര്‍ക്കും പരിശീലനം ഇല്ലെന്നും, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച്‌ മതിയായ അറിവ് ഇല്ലെന്നും അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കനല്‍ ഇന്നൊവേഷന്‍സ് എന്ന എന്‍ജിഒ 220 അധ്യാപകരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മിക്ക അധ്യാപകര്‍ക്കും സമ്മതം നല്‍കുന്നതിനുള്ള പ്രായം, ജെന്‍ഡര്‍ ഐഡന്റിറ്റി, ലൈംഗിക അവയവങ്ങളുടെ പേരുകള്‍ തുടങ്ങിയ അടിസ്ഥാന അറിവുകള്‍ പോലുമില്ലെന്ന് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കനല്‍ ഇന്നൊവേഷന്‍സ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഗൈഡ്ഹൗസ് ഇന്ത്യ എന്നിവയുമായി സഹകരിച്ച്‌ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രോജക്‌ട് എക്‌സ് പദ്ധതി നടപ്പാക്കുന്നത്.

Related News