വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗത്തോട് പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി; 'അവഗണിച്ച്‌ തള്ളേണ്ടത്'

  • 08/04/2025

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമോ എന്നതില്‍ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരും. ബിജെപിയെ താഴെ ഇറക്കാൻ എവിടെയൊക്കെ കോണ്‍ഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റ് തിരുത്തി ഒരാള്‍ തിരിച്ചെത്തിയാല്‍ അയാള്‍ വേണ്ടെന്ന് സിപിഎം പറയില്ല. പക്ഷെ അവസരവാദ നിലപാടിന്റെ ഭാഗമായി വരുന്നവരോട് ഈ സമീപനമായിരിക്കില്ല. സിപിഎമ്മിൻ്റെ സ്വാധീന മേഖലയിലും ബിജെപി വളരുന്നുണ്ട്. അത് തിരുത്താൻ വേണ്ടിയുള്ള ഇടപെടല്‍ നടത്തും. പ്രായ പരിധി മൂലം പാർട്ടി ചുമതലകളില്‍ നിന്ന് ഒഴിഞ്ഞവർ മുമ്ബത്തേത് പോലെ പാർടിക്ക് സംഭാവനകള്‍ നല്‍കി തുടർന്നു പോകും. 

എമ്ബുരാനേതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ല, ബിജെപിയുടേത് നവ ഫാസിസ്റ്റ് സർക്കാരാണ്. സംഘ പരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവർണർമാരും ശ്രമിക്കുന്നത്, ബിജെപി സർക്കാരിൻ്റെ പാവകളായി ഗവർണർമാർ മാറുന്നു. കോടതികള്‍ ഇത് നിസംഗമായി നോക്കിനില്‍ക്കുന്നു. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത കോടതികള്‍ക്കുണ്ട്. ഇന്ന് ഇക്കാര്യത്തില്‍ ആശാവഹമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് വന്നത്.

Related News