ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വില്‍ക്കാൻ അനുമതി; എംബി രാജേഷ്

  • 10/04/2025

മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിലൂടെ ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വില്‍ക്കാൻ അനുമതി നല്‍കിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാടൻ കള്ള് വില്‍ക്കാനുള്ള പ്രത്യേക അനുമതിയാണ് നല്‍കുന്നത്. സംസ്ഥാനത്തെ കള്ളു ഷാപ്പുകളോട് ചേര്‍ന്ന് നല്ല ഭക്ഷണശാലകളും ആരംഭിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്നതാണ് മദ്യ നയത്തിന്‍റെ കാതല്‍. ഒപ്പം യാഥാർഥ്യം മനസ്സിലാക്കിയുള്ള പ്രായോഗിക നടപടികളും പുതിയ മദ്യനയത്തിലുണ്ട്. സ്കൂള്‍ ബസ് ജീവനിക്കാർക്ക് ഉള്‍പ്പെടെ ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. സർക്കാർ വിഞാപനം ചെയ്ത ടൂറിസം സെന്‍ററുകളില്‍ ടോഡി പാർലറുകള്‍ തുടങ്ങും. ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

ഇക്കാരണങ്ങളാലാണ് ഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകളില്‍ മദ്യം വിളമ്ബാൻ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കിയത്. ഡ്രൈ ഡേയില്‍ നടത്തുന്ന കോണ്‍ഫറൻസ്, വിവാഹം എന്നിവയില്‍ മദ്യം വിളമ്ബാൻ 50000രൂപ ഫീസ് നല്‍കി പ്രത്യേകം ലൈസന്‍സ് എടുക്കണം. ഇതിനായി ഒരാഴ്ച മുമ്ബ് അപേക്ഷ നല്‍കണമെന്നും എംബി രാജേഷ് പറഞ്ഞു.

Related News