'കണക്‌ട് വിത് കളക്ടര്‍'; ആദ്യ ദിനം 300 പരാതികള്‍, ഒരു പരാതി പോലും ശ്രദ്ധയില്‍പെടാതെ പോകില്ലെന്ന് ഇടുക്കി കളക്ടര്‍

  • 10/04/2025

'കണക്‌ട് വിത് കളക്ടർ' എന്ന പരിപാടിയില്‍ ആദ്യ ആഴ്ചയില്‍ 300 പരാതികള്‍ ലഭിച്ചെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതല്‍ 7 വരെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്‍റുകളായി പരാതികള്‍ ഉന്നയിക്കാം. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കളക്ടറെ നേരിട്ട് കാണാതെ തന്നെ പ്രശ്നങ്ങളും വികസന കാര്യങ്ങളും പങ്കുവെക്കാനുള്ള ലളിതമായ അവസരമാണിതെന്ന് കളക്ടർ പറഞ്ഞു. 

ഓരോ ബുധനാഴ്ചയും വൈകിട്ട് 6 മണിക്ക് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കും. അതിന്റെ കമന്‍റായി പരാതികള്‍, പ്രശ്നങ്ങള്‍, നിർദേശങ്ങള്‍ എന്നിവ രേഖപ്പെടുത്താം. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.

ആദ്യ ദിവസം ലഭിച്ച 300 സന്ദേശങ്ങള്‍ വ്യത്യസ്ത വിഷയങ്ങള്‍ ആയതിനാല്‍ ഓരോന്നും ആലോചിച്ചു പ്രതികരിക്കാൻ കുറച്ചു സമയം ആവശ്യമാണെന്ന് കളക്ടർ പറഞ്ഞു. അതിനാല്‍ അടുത്ത രണ്ട് ദിവസത്തിനകം സന്ദേശത്തിന് വ്യക്തിഗതമായി മറുപടി നല്‍കുമെന്നും കളക്ടർ ഉറപ്പ് നല്‍കി. 

Related News