'സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഏറ്റ കനത്ത പ്രഹരം, ഇനിയെങ്കിലും മുഖ്യമന്ത്രി പാഠം പഠിക്കണം': രമേശ് ചെന്നിത്തല

  • 11/04/2025

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. സർക്കാരിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത പ്രഹരമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇനിയെങ്കിലും മുഖ്യമന്ത്രി പാഠം പഠിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

''ഏഷ്യാനെറ്റിനെതിരായ കേസ് ഹൈക്കോടതി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. മുഖ്യമന്ത്രി ഇത് നിയമസഭയ്ക്ക് അകത്ത് ഒത്തിരി ന്യായീകരിച്ച ഒരു കാര്യമാണ്. അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു ഒരു മാധ്യമ സ്ഥാപനത്തിനെതിരെ ഇങ്ങനെയൊരു കേസെടുക്കുന്നത് ശരിയല്ലെന്ന്. ഹൈക്കോടതിയുടെ ഇന്നത്തെ വിധി സ്വാഗതം ചെയ്യുന്നു. തീർച്ചയായും ഭരണകൂടത്തിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത പ്രഹരമാണ് ഇതെന്നാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. ഇനിയെങ്കിലും അദ്ദഹം ഇത് ഒരു പാഠമായി പഠിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. മാധ്യമങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ് അന്ന് സിന്ധു സൂര്യകുമാർ അടക്കമുള്ളവരുടെ പേരിലെടുത്ത കേസ്. നിലനില്‍ക്കില്ല എന്ന് അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞതാണ്. ഏതായാലും ബഹുമാനപ്പെട്ട ഹൈക്കോടതി ഇത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് സന്തോഷകരമായ കാര്യമാണ്.'' രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 

Related News