മൂന്ന് സംസ്ഥാനങ്ങളിലായി പരിശോധിച്ചത് 700 സിസിടിവികള്‍; ബെംഗളൂരുവിലെ ലൈംഗികാതിക്രമ കേസ് പ്രതി കോഴിക്കോട് പിടിയില്‍

  • 14/04/2025

ലൈംഗികാതിക്രമ കേസിലെ പ്രതിയെ കോഴിക്കോട്ടുനിന്ന് പിടികൂടി കർണാടക പൊലീസ്. ബെംഗളൂരുവിലെ ജാഗ്വാർ ഷോറൂമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷ് (26) ആണ് പിടിയിലായത്. മൂന്ന് സംസ്ഥാനങ്ങളിലായി 700 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. 

ഏപ്രില്‍ മൂന്നിന് ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയിലുള്ള ബിടിഎം ലേഔട്ടില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് സ്ത്രീകളെ ഒരാള്‍ പിന്തുടരുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഒരാള്‍ ഇയാളില്‍നിന്ന് ഒഴിഞ്ഞുമാറിയപ്പോള്‍ മറ്റൊരാളെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് പ്രതി ഇവിടെനിന്ന് രക്ഷപ്പെട്ടു.

ആദ്യം തമിഴ്നാട്ടിലെ ഹോസൂരിലേക്കാണ് രക്ഷപ്പെട്ടത്. പിന്നീട് സേലത്തേക്കും അവിടെനിന്നും കോഴിക്കോടുമെത്തി. സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് അന്ത്യമാകുന്നത്. ആക്രമണം, ലൈംഗിക പീഡനം, പിന്തുടരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിലെ ഇരയെയും സുഹൃത്തിനെയും പൊലീസ് കണ്ടെത്തിയെങ്കിലും, അവർ സ്വകാര്യത അഭ്യർത്ഥിക്കുകയും അന്വേഷണത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. 

Related News