കിഫ്‌ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം എബ്രഹാം; 'ഹരജിക്കാരന് തന്നോട് ശത്രുത'

  • 14/04/2025

കിഫ്‌ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം എബ്രഹാം. താൻ പദവിയില്‍ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും കിഫ്‌ബി ജീവനക്കാർക്കുള്ള വിഷുദിന സന്ദേശത്തില്‍ കെ.എം എബ്രഹാം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കൂടിയായ കെ.എം എബ്രഹാമിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രതികരണം. ഹരജിക്കാരനെതിരെയും കെ.എം എബ്രഹാം കടുത്ത ആരോപണമുന്നയിച്ചു. ഹരജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് ധനസെക്രട്ടറി ആയിരിക്കെ താൻ കണ്ടെത്തിയെന്നും അതില്‍ തന്നോട് ശത്രുതയാണെന്നും എബ്രഹാം ആരോപിച്ചു. ഹരജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കെ.എം എബ്രഹാം ആരോപിക്കുന്നു.

സിഇഒ എന്ന നിലയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങളോട് തുറന്നുപറയുകയും വ്യക്തത വരുത്തുകയും ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കത്തില്‍ പറയുന്നു. തന്റെ പേര് സംരക്ഷിക്കുക മാത്രമല്ല, നാമെല്ലാവരും ഒരുമിച്ച്‌ നിലകൊള്ളുന്ന സ്ഥാപന മൂല്യങ്ങളെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞാണ് അദ്ദേഹം വിശദീകരണത്തിലേക്ക് കടക്കുന്നത്. കോടതി ഉത്തരവിനും വിമർശനമുണ്ട്. സ്വത്തുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചോ എന്ന് സംശയമുണ്ടെന്ന് കത്തില്‍ പറയുന്നു.

Related News