അതിരപ്പിള്ളി കാട്ടാന ആക്രമണം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കും

  • 15/04/2025

അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഈ സംഭവത്തിന് തൊട്ടുമുമ്ബ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ (20) എന്നയാളും മരിച്ചിരുന്നു.

അദ്ദേഹത്തിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. മരിച്ചവരുടെ വീട്ടുകള്‍ കലക്ടര്‍ സന്ദര്‍ശിക്കുകയും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമായി നിലവില്‍ അഞ്ച് ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.

മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയും കലക്ടര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവം നടന്ന ഉടന്‍തന്നെ കലക്ടര്‍ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച്‌ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞിരുന്നു.

നാട്ടുകാരുടെ പരാതികള്‍ പരിശോധിക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് യോഗം വിളിച്ചുചേര്‍ക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെന്‍സിങ് എന്നിവയുടെ നിര്‍മാണം വേഗത്തില്‍ നടപ്പിലാക്കുവാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്‍റെ പരിഗണനയില്‍ വരേണ്ട വിഷയങ്ങള്‍ കാലതാമസം കൂടാതെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.

Related News