മോദി സര്‍ക്കാരിന്‍റെ ദുശാഠ്യത്തിന് വഴങ്ങരുത്; പിഎം ശ്രീയില്‍ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രം

  • 15/04/2025

പിഎം ശ്രീ പദ്ധതിയില്‍ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം. മോദി സര്‍ക്കാരിന്‍റെ ദുശാഠ്യത്തിന് വഴങ്ങരുതെന്നും പിഎം ശ്രീയില്‍ ചേരാത്തതിനാല്‍ എസ്‌എസ്‌എ ഫണ്ട് തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വിമര്‍ശനം. പദ്ധതിയില്‍ ചേരാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്ക് പറഞ്ഞു വാങ്ങണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പിഎം ശ്രീയില്‍ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാണിക്കുമ്ബോഴാണ് സിപിഐ ചേരേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്.

പിഎം ശ്രീയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിന്‍റെ പേരില്‍ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേമ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞിരിക്കുകയാണെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഘടകങ്ങളിലൊന്നാണ് പിഎം ശ്രീ പദ്ധതി. എൻഇപി 2024 നടപ്പാക്കുന്നത് സംബന്ധിച്ച്‌ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വിയോജിപ്പ് രാഷ്ട്രീയവും ആശയപരവും പ്രായോഗികവുമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളും മികവും അവഗണിച്ച്‌ ഈ രംഗത്തെ തുടര്‍ വികാസത്തെയും വളര്‍ച്ചെയും തടയാൻ മാത്രമേ മോദി സര്‍ക്കാരിന്‍റെ ദുശാഠ്യത്തിന് കഴിയുകയുള്ളു. അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാൻ രാജ്യത്തിന്‍റെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സംസ്ഥാനങ്ങള്‍ക്ക് അവസരം ഉറപ്പുനല്‍കുന്നുണ്ടെന്ന് പറഞ്ഞ‌ാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Related News