ലഹരി കേസ്: ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

  • 19/04/2025

ലഹരി പദാര്‍ഥം ഉയോഗിച്ചെന്ന കേസില്‍ നടൻ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പൊലീസ് ഷൈന്‍ ടോമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടനെതിരെ എന്‍ഡിപിഎസ് നിയമം 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷൻ 29 വ്യവസ്ഥ ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ രാസ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലാക്കാതെയാണ് ഓടിയത് എന്നായിരുന്നു ഷൈന്‍ ടോം ചാക്കോ വിശദീകരിച്ചത്.

ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച്‌ ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Related News