ബിജെപിയുടെ നേതാവാകാനല്ല, നേതാക്കളെ സൃഷ്ടിക്കാനാണ് കേരളത്തിലേക്ക് വന്നത്, നിലപാട് പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

  • 21/04/2025

നേതാവാകാനല്ല നേതാക്കളെ സൃഷ്ടിക്കാനാണ് പാര്‍ട്ടി അധ്യക്ഷനായി താന്‍ കേരളത്തിലേക്ക് വന്നതെന്ന് രാജീവ് ചന്ദ്രേശഖര്‍. ബിജെപിയുടെ വികസന രാഷ്ട്രീയം വീടു വീടാന്തരം എത്തിക്കാന്‍ അത്യധ്വാനം ചെയ്യണമെന്നും പുതിയ പ്രസിഡന്‍റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുളള ബിജെപിയുടെ വികസിത കേരളം പരിപാടിക്ക് തൃശൂരില്‍ തുടക്കമായി.

സംസ്ഥാന പ്രസിഡന്‍റായ ശേഷമുളള രാജീവ് ചന്ദ്രശേഖറിന്‍റെ ആദ്യ കേരള പര്യടനത്തിനാണ് തൃശൂരില്‍ തുടക്കമായത്.പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെടാന്‍ പുതിയ പ്രസിഡന്‍റിന് അവസരമൊരുക്കുക കൂടിയാണ് ലക്ഷ്യം. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍ വരെ പങ്കെടുക്കുന്ന കണ്‍വെന്‍ഷനുകളില്‍ ആദ്യത്തേതാണ് തൃശൂരിലേത്. ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പരിഗണനയുണ്ടാകുമെന്ന സൂചനയായിരുന്നു സംസ്ഥാന പ്രസിഡന്‍റിന്‍റെ വാക്കുകളില്‍.

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള രാഷ്ട്രീയ പ്രചാരണമാണ് വികസിത കേരളം വേദികളിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. മെയ് 10 വരെ നീളുന്ന പര്യടനത്തിനിടയില്‍ ഓരോ ജില്ലയിലെയും പ്രമുഖരെയും പുതിയ പ്രസിഡന്‍റ് കാണും. വികസന രാഷ്ട്രീയത്തിലൂന്നിയുളള രാഷ്ട്രീയ പ്രചരണം ശക്തമാക്കുന്നതിനൊപ്പം ക്രൈസ്തവ വിഭാഗത്തെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കാനുളള ശ്രമങ്ങളും ഉണ്ടാകും.

Related News