'സിനിമാക്കാരുമായി ബന്ധമുണ്ട്; ലഹരി ഇടപാടില്ല'; പ്രതികള്‍ 24വരെ കസ്റ്റഡിയില്‍

  • 21/04/2025

ചലിച്ചിത്ര മേഖലയില്‍ പരിചയക്കാരുണ്ടെന്നും എന്നാല്‍ ലഹരി ഇടപാടില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുല്‍ത്താന. 2 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു തസ്ലീമ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. അതേസമയം, കഞ്ചാവ് കേസില്‍ മൂന്ന് പ്രതികളെയും ആലപ്പുഴ അഡിഷനല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. 

24 വരെയാണ് കസ്റ്റഡി കാലാവധി. ഹൈക്കോടതിയില്‍ നിന്നുള്ള അഭിഭാഷകനു വക്കാലത്ത് നല്‍കാന്‍ തസ്ലിമ അപേക്ഷിച്ചെങ്കിലും വക്കാലത്ത് ഫയല്‍ ചെയ്യാതെ വാദിക്കാനാകില്ലെന്നു കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതിയും തസ്‌ലിമയുടെ ഭര്‍ത്താവുമായ സുല്‍ത്താന്‍ അക്ബര്‍ അലിക്ക് കേസില്‍ ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അക്ബര്‍ അലി ലഹരിവസ്തു വില്‍ക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഒന്നാംപ്രതിയുടെ ഭര്‍ത്താവ് ആണെന്നതിനാല്‍ മാത്രം തെളിവുകള്‍ ഇല്ലാതെ പ്രതിചേര്‍ത്തതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരുന്നതെങ്കിലും ഒന്നാം പ്രതിയെ കോടതിയില്‍ എത്തിക്കാന്‍ വൈകിയതു കാരണം കസ്റ്റഡി സമയം കുറയുന്നതു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 24നു വൈകിട്ട് 4 വരെ കസ്റ്റഡി അനുവദിച്ചത്. മൂന്നു പ്രതികളും ജാമ്യത്തിനു നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇതു പരിഗണിക്കും.

Related News