'വെല്ലുവിളി ഇതര സംസ്ഥാന തൊഴിലാളികളും വിദേശ യാത്രക്കാരും; 2 വര്‍ഷത്തിനുള്ളില്‍ മലമ്ബനി ഇല്ലാതാക്കും'

  • 24/04/2025

സംസ്ഥാനത്ത് മലമ്ബനി (മലേറിയ) നിവാരണ പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2027 ഓടെ മലമ്ബനി നിവാരണം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്ബനി ഒരു പ്രധാന വെല്ലുവിളിയാണ്.

അത് മുന്നില്‍ കണ്ടുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്ബനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്ബനി രോഗ പ്രതിരോധത്തെ സംബന്ധിച്ച ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലമ്ബനിയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനും മലമ്ബനി നിവാരണത്തിനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും മലമ്ബനി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 'മലമ്ബനി നിവാരണം യാഥാർത്ഥ്യമാക്കാം: പുനർനിക്ഷേപിക്കാം, പുനർവിചിന്തനം നടത്താം, പുനരുജ്ജ്വലിപ്പിക്കാം' എന്നതാണ് ഈ വർഷത്തെ പ്രമേയം.

ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 25 രാവിലെ 10.30ന് ആരോഗ്യ മന്ത്രി നിർവഹിക്കും. സംസ്ഥാനത്ത് മലമ്ബനി നിവാരണ പ്രവർത്തനങ്ങള്‍ക്കൊപ്പം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നിവാരണ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പ് ശക്തിപ്പെടുത്തും.

Related News