മരണ സമയം 28കാരിയായ തുഷാരയുടെ ഭാരം 21 കിലോ മാത്രം, ആമാശയത്തില്‍ ഭക്ഷണാംശം പോലുമില്ല; വിധിയില്‍ തൃപ്തിയെന്ന് കുടുംബം

  • 28/04/2025

കൊല്ലം പൂയപ്പള്ളിയില്‍ തുഷാര കൊലക്കേസ് വിധിയില്‍ തൃപ്തിയുണ്ടെന്ന് തുഷാരയുടെ കുടുംബം. വിധിയെ സ്വാഗതം ചെയ്തെങ്കിലും മകള്‍ നേരിട്ട വേദനയ്ക്ക് ഒന്നും പകരമാകില്ലെന്നായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം. സ്ത്രീധനത്തിൻ്റെ പേരില്‍ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ഗീതാലാലിക്കും കൊല്ലം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. തുഷാര നേരിട്ടത് അതിക്രൂര പീഡനമാണെന്നും വിധിയില്‍ തൃപ്തിയുണ്ടന്നും പ്രോസിക്യൂഷനും പൊലീസും വ്യക്തമാക്കി.

തനിക്കിവിടെ സുഖമാണെന്നായിരുന്നു തുഷാര തങ്ങളോട് പറഞ്ഞിരുന്നതെന്ന് കുടുബം പറയുന്നു. അവിടേക്ക് ചെല്ലാന്‍ സമ്മതിച്ചിരുന്നില്ല. വീട്ടിലേക്ക് തിരികെ വരുന്ന കാര്യം ഒരിക്കല്‍ പോലും തുഷാര പറഞ്ഞില്ല. വിവാഹം കഴിഞ്ഞ് മൂന്ന്മാസം കഴിഞ്ഞത് മുതല്‍ സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് തുടങ്ങിയെന്നും കുടുംബം വ്യക്തമാക്കുന്നു. അവരുടെ വീട്ടിലേക്ക് ആരും ചെല്ലാന്‍ സമ്മതിച്ചിരുന്നില്ല.

അപൂർവങ്ങളില്‍ അപൂർവമായി കണ്ടാണ് തുഷാര കൊലക്കേസ് പ്രോസിക്യൂഷൻ വാദിച്ചത്. തുഷാരയെ സ്ത്രീധനത്തിൻ്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും കഠിന ശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. തുഷാര നേരിട്ട കൊടും ക്രൂരതകള്‍ ബോധ്യപ്പെട്ട കൊല്ലം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി 32 കാരനായ ചന്തുലാലിനെയും 62 വയസുള്ള അമ്മ ഗീതാ ലാലിയെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. കോടതി നീതി നടപ്പാക്കിയെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

28 കാരിയായ തുഷാര മരണപ്പെടുമ്ബോള്‍ ശരീരഭാരം വെറും 21 കിലോ ആയിരുന്നു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതില്‍ നിർണായകമായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. തുഷാരയുടെ രണ്ട് പെണ്‍മക്കളുടെ സംരക്ഷണവും പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ നിലവില്‍ തുഷാരയുടെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ്.

Related News