ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

  • 15/05/2025

അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല. അതിനാല്‍ ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ത്വക്ക്, പല്ല്, ചികിത്സകള്‍ക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇതു കണക്കിലെടുക്കാതെ നടത്തിയ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ എം എസ് നീതുവിന് ഹൃദയാഘാതം സംഭവിച്ചതും ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ശസ്തക്രിയയില്‍ ഡോക്ടര്‍ക്കു പാളിച്ചയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ് നീതുവിനെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രക്തസമ്മര്‍ദ്ദനില താളം തെറ്റിയ നിലയില്‍ എത്തിയ നീതുവിന് തുടര്‍ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് നല്‍കിയ പരാതിയിലാണ് ഡിഎംഒ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.

Related News