റെഡ് അലെര്‍ട്ട്; നാല് ജില്ലകളില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറണ്‍ മുഴങ്ങും, വരാനൊരുങ്ങുന്നത് അതിതീവ്ര മഴ

  • 20/05/2025

അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്ന നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായാണ് സൈറണുകള്‍ മുഴക്കുകയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിതീവ്രമായ മഴക്കാണ് സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച വെകുന്നേരം 5 മണിക്ക് ഈ നാല് ജില്ലകളിലും സൈറണ്‍ മുഴങ്ങും.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള 'കവചം' മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളാണ് മുഴങ്ങുക. പരീക്ഷണങ്ങള്‍ക്കും മോക് ഡ്രില്ലുകള്‍ക്കും ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കുന്നതിനായി ഈ സൈറണുകള്‍ മുഴക്കുന്നത്. അതുകൊണ്ടു തന്നെ ഇന്നത്തെ സൈറണ്‍ യഥാർത്ഥ മുന്നറിയിപ്പ് തന്നെയാണെന്നും അധികൃതർ വ്യക്തമാക്കി.

Related News