'കല്യാണിയുടേത് മുങ്ങിമരണം, ഹൃദയാഘാതം സംഭവിച്ചു'; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

  • 20/05/2025

എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ 3 വയസുകാരി കല്യാണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ശ്വാസകോശം ഉള്‍പ്പെടെ ആന്തരിക അവയവങ്ങളില്‍ വെള്ളം കയറിയിരുന്നു. കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം അച്ഛന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് തിരുവാങ്കുളം പൊതുശ്മശാനത്തിലാണ് സംസ്കാരം നടക്കുക.

കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പടുത്തി. ഇവരെ അല്‍പസമയത്തിനകം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിന്‍റെ കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് എറണാകുളം റൂറല്‍ എസ് പി എം. ഹേമലത പറഞ്ഞു.

കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണ്. അടുത്ത ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യും. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചാല്‍ വിദഗ്ധ പരിശോധന നടത്തുമെന്നും എസ് പി പറഞ്ഞു.

Related News