മൂന്ന് വയസുകാരി കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് സംശയം; ബന്ധുക്കളുടെ മൊഴിയെടുത്ത് പൊലീസ്

  • 21/05/2025

എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസുകാരിയായ മകള്‍ കല്യാണിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ അന്വേഷണം ഊർജിതം. കേസില്‍ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ അച്ഛൻ സുഭാഷിന്റെ മൊഴി ഉടൻ എടുക്കും. സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഭര്‍ത്താവ് സുഭാഷിന്‍റെ ആരോപണം.

സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന് സന്ധ്യയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്നാണ് ഭർത്താവ് സുഭാഷിന്‍റെ പക്ഷം. കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കുറുമശേരിയിലേക്ക് പോകുന്നതിനിടെ കുഞ്ഞുമായി അരമണിക്കൂറിലേറെ സന്ധ്യ ആലുവ മണപ്പുറത്ത് ചെലവിട്ടെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.

സന്ധ്യയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. സന്ധ്യയെ ആലുവ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ്. സന്ധ്യയെ കാക്കനാട് വനിതാ ജയിലാണ് പാർപ്പിച്ചിരിക്കുന്നത്. നാളെ തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും.

Related News