വിഴിഞ്ഞം തുറമുഖത്ത് ജോലി, 35000-40000 അടിസ്ഥാന ശമ്ബളം; ഈ പരസ്യത്തില്‍ വീഴരുതേ, പരാതി നല്‍കി തുറമുഖ കമ്ബനി

  • 21/05/2025

വിഴിഞ്ഞം തുറമുഖത്ത് ജോലി ഒഴിവെന്ന് ഒഎല്‍എക്സ് ആപ്പില്‍ പരസ്യം നല്‍കി തൊഴില്‍ തട്ടിപ്പിന് ശ്രമം. ഒഎല്‍എക്സിലും പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പരസ്യം തുറമുഖ കമ്ബനി അധികൃതർ പരാതി നല്‍കിയതോടെ അപ്രത്യക്ഷമായി. പരസ്യത്തില്‍ നല്‍കിയ മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ് ചെയ്തു. അതേസമയം പരസ്യത്തിലെ നമ്ബർ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

എട്ട് മണിക്കൂർ വീതം മൂന്ന് ഷിഫ്റ്റുകളായാണ് ജോലിയെന്നും ഒരാള്‍ക്ക് രണ്ട് ഷിഫ്റ്റ് ജോലി ചെയ്യാൻ കഴിയുമെന്നും 35,000 മുതല്‍ 40,000 വരെയാണ് അടിസ്ഥാന ശമ്ബളമെന്നുമായിരുന്നു പരസ്യം. ലേബർ യൂണിയനുകള്‍ക്കും പാർട്ടിക്കും സംഭാവന നല്‍കണമെന്നും പരസ്യത്തിലെ നമ്ബരില്‍ ബന്ധപ്പെട്ടവർക്ക് മറുപടി ലഭിച്ചിരുന്നു. പാർട്ടിയിലെ ഉയർന്ന തലത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും കൂടിക്കാഴ്ച നടത്താമെന്നും മറുപടിയിലുണ്ട്. പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ തുറമുഖ കമ്ബനി അധികൃതർ പൊലീസിന് പരാതി നല്‍കുകയായിരുന്നു. മുമ്ബും ഇത്തരം തട്ടിപ്പിന് ശ്രമം നടന്നിരുന്നതായി പരാതിയുണ്ട്. 

സംഭവത്തിന് പിന്നാലെ ജോലി തട്ടിപ്പിനിരയാകരുതെന്ന് കാണിച്ച്‌ കമ്ബനി അധികൃതർ വെബ്സൈറ്റില്‍ മുന്നറിയിപ്പ് നല്‍കി. ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Related News