കഞ്ചാവ് കേസ്: യു പ്രതിഭയുടെ മകൻ അടക്കം 7 പേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു, 2 പ്രതികള്‍ മാത്രം

  • 05/06/2025

കഞ്ചാവ് കേസില്‍ നിന്നും സിപിഎം എംഎല്‍എ യു പ്രതിഭയുടെ മകൻ കനിവ് ഉള്‍പ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ചു. അമ്ബലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ രണ്ട് പ്രതികള്‍ മാത്രമാണുള്ളത്. യു പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി ആദ്യം എഫ് ഐ ആർ ഇട്ട കേസിലാണ് കനിവ് ഉള്‍പ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം. തെളിവുകളുടെ അഭാവത്തില്‍ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയില്‍ സമർപ്പിച്ചിരുന്നു.

ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച്‌ കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കേസില്‍ ഒൻപതാം പ്രതിയായിരുന്നു കനിവ്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാല്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടു. മകനെതിരെ കേസെടുത്തത് വ്യാജ വാർത്തയെന്നായിരുന്നു യു പ്രതിഭ എംഎല്‍എ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. 

പിന്നാലെ എഫ്‌ഐആർ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. തുടർന്ന് എക്സൈസിനെതിരെ നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മാത്രവുമല്ല എക്സൈസ് ഉദ്യോഗസ്ഥർ ക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Related News