ലീഗിന്റെ പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം; രാഷ്ട്രീയ വിവാദം

  • 14/06/2025

മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയില്‍ നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന് ക്ഷണം. തിരുവമ്ബാടി പഞ്ചായത്തില്‍ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് പി വി അന്‍വറിനെ ക്ഷണിച്ചത്.നാളെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.


നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്ന ഘട്ടത്തില്‍ ഘടകകക്ഷിയായ ലീഗിന്റെ പോഷക സംഘടനയുടെ പരിപാടിക്ക് പി വി അന്‍വറിനെ ക്ഷണിച്ചിരിക്കുന്നത് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായിരിക്കുകയാണ്. പരിപാടിയുമായി ബന്ധമില്ലെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. കെഎംസിസി സംഘടിപ്പിക്കുന്ന ഹരിത ജീവനം 2025 എന്ന കുടുംബ സംഗമത്തിലേക്കാണ് പി വി അന്‍വറിനെ ക്ഷണിച്ചിരിക്കുന്നത്.

ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ സി പി ചെറിയമുഹമ്മദ് ആണ് മുഖ്യാതിഥി. പരിപാടിയുടെ ഭാഗമായി ഇരുവരും ഉള്ള ഫ്‌ലക്‌സ് സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായത്.

Related News